sajeev
സജീവ് കൃഷിത്തോട്ടത്തിൽ

കൊട്ടിയം: കൃഷിയോടും പ്രകൃതിയോടും ഇഴുകിച്ചേർന്നുള്ള ജീവിതമാണ് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ കൗൺസിലർ എം. സജീവിനെ വ്യത്യസ്തനാക്കുന്നത്. ദിവസവും രാവിലെയും വൈകിട്ടും പറമ്പിൽ രണ്ടു മണിക്കൂർ വീതം അദ്ധ്വാനിച്ച് അദ്ദേഹം കൃഷിയിൽ നേട്ടം കൊയ്യുകയാണ്. പാട്ടത്തിനെടുത്ത 80 സെന്റ് ഭൂമിയിൽ ശീതകാല പച്ചക്കറികളായ ക്യാബേജ്, കോളിഫ്ലവർ, റാഡിഷ്, ബീറ്റ്റൂട്ട്, ചീര (അരുൺ ), പച്ചച്ചീര (മോഹിനി ), ആനക്കൊമ്പൻ വെണ്ട, നീളൻപയർ, ചുരയ്ക്ക, കുമ്പളം, തക്കാളി, വഴുതന, കത്തിരി, ലെറ്റൂസ്,​ പച്ചമുളക്, കോവൽ, റെഡ് ലേഡി പപ്പായ, ചേമ്പ്, ചേന, നനകിഴങ്ങ്, കാച്ചിൽ, റോബസ്റ്റ കുലകൾ തുടങ്ങിയവയുടെ കൃഷിയുണ്ട്. കോഴിക്കാഷ്ടം, ഗോമൂത്രം, ചാണകം തുടങ്ങിയ ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. സ്വന്തമായി 8 സെന്റ് വസ്തുവേ ഇള്ളൂവെങ്കിലും തന്റെ സ്വപ്നങ്ങൾ പങ്കുവച്ചപ്പോൾ സമീപവാസിയായ ദിലീപ് ഒഴിഞ്ഞുകിടന്ന 80 സെന്റ് സ്ഥലം കൃഷി ചെയ്യാനായി നൽകുകയായിരുന്നു. കാടുകയറിക്കിടന്ന ഭൂമിയെയാണ് കഠിനാദ്ധ്വാനത്തിലൂടെ സജീവ് കൃഷിയോഗ്യമാക്കിയത്. എം. സജീവിനെ കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറും സെക്രട്ടറി എൻ. രാജേന്ദ്രനും അറിയിച്ചു. കിളികൊല്ലൂർ പുളിയത്ത് മുക്ക് എം.ജി നഗർ 87ൽ പാൽക്കുളങ്ങര ഡിവിഷൻ 25ൽ മൂന്നര വർഷമായി കൃഷി ചെയ്ത് വരുകയാണ് ഇദ്ദേഹം. ഭാര്യ ഉഷസ്, എൻജിനിയറായ മകൻ എബിൻ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആർച്ച എന്നിവരുടെ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് സജീവ് പറയുന്നു.