
കൊല്ലം: അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന തരത്തിൽ പൊതുസ്ഥലങ്ങളിൽ കരിയിലപോലും കൂട്ടിയിട്ട് കത്തിക്കരുതെന്നാണ് ഗ്രീൻ ട്രൈബ്യൂണലിന്റെ വിധി. എന്നാൽ ജില്ലാ കളക്ടറേറ്റിന് ഈ വിധി ബാധകമല്ലേയെന്നതാണ് കൊല്ലംകാരന്റെ സംശയം.
കിലോക്കണക്കിന് പേപ്പർ മാലിന്യങ്ങളും ഇലയുമാണ് കളക്ടറേറ്റിൽ കൂട്ടിയിട്ട് കത്തിക്കുന്നത്. അവധി ദിവസങ്ങളിലായിരുന്നു മുൻപ് കലാപരിപാടി. ഇപ്പോൾ അവധി നോക്കാറില്ല, കളക്ടറില്ലാത്ത ദിവസങ്ങളിൽ പട്ടാപ്പകൽ മാലിന്യം കത്തിക്കുകയാണ്. പുക കാരണം കളക്ടറേറ്റിലെ പല ഉദ്യോഗസ്ഥർക്കും ജോലി ചെയ്യാൻ കഴിയാറില്ലെന്നത് പരസ്യമായ രഹസ്യമാണ്.
ആസ്മയുടെ അസുഖമുള്ളവർ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. കളക്ടറുടെ മൂക്കിനുതാഴെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് നടത്തുന്ന ഈ പുകയ്ക്കൽ ആര് നിറുത്തലാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. കളക്ടറേറ്റിലെ മാലിന്യം സംസ്‌കരിക്കാൻ ശുചിത്വമിഷൻ പദ്ധതികളുണ്ടെങ്കിലും അവരും കണ്ടമട്ടില്ല. കളക്ടറേറ്റിന് പുറത്ത് കാടുമൂടിക്കിടക്കുന്ന റവന്യൂ ഭൂമി ശുചിത്വ മിഷന്റെ സഹായത്തോടെ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കാവുന്നതേയുള്ളു.
ആനന്ദബോസ് കളക്ടറായിരിക്കുമ്പോൾ കളക്ടറേറ്റിലെ മാലിന്യം സംസ്‌കരിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ നടപ്പാക്കിയിരുന്നു. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ ജൈവവളമാക്കാൻ കഴിയുന്ന സംവിധാനങ്ങളുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് വാസ്തവം.