
ആശുപത്രി നവീകരണം ഉടൻ
കൊല്ലം: ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ സ്വകാര്യ മേഖലയ്ക്ക് കൈമാറിയിരുന്ന മെഡിക്കൽ ആൻഡ് സർജിക്കൽ ഐ.സി.യു വിഭാഗം ഇ.എസ്.ഐ നേരിട്ട് നടത്താൻ ഡൽഹിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായി.
മൂന്ന് മാസത്തിനുള്ളിൽ നവീകരിച്ച പുതിയ വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളോടെ ഐ.സി.യു പ്രവർത്തനക്ഷമമാകുമെന്ന് ഇ.എസ്.ഐ ഡയറക്ടർ ജനറൽ അനുരാധ പ്രസാദ് യോഗത്തിൽ ഉറപ്പ് നൽകി. ജനുവരി 5 നാണ് സ്വകാര്യ കമ്പനി കരാർ ലംഘിച്ച് ഐ.സി.യു പ്രവർത്തനം ഉപേക്ഷിച്ചത്.
ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് നിൽക്കുന്ന മൂന്ന് ഏക്കറിലധികം വരുന്ന സ്ഥലത്ത് പുതിയ ആശുപത്രി ബ്ലോക്ക് നിർമ്മിക്കാനുള്ള നിർദ്ദേശം എം.പി യോഗത്തിൽ അവതരിപ്പിച്ചു. നിർദ്ദേശം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ ജനറൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഡൽഹി ഇ.എസ്.ഐ ആസ്ഥാനമായ പഞ്ചദീപ് ഭവനിൽ ചേർന്ന ഉന്നതതല യോഗത്തിൽ മെഡിക്കൽ കമ്മിഷണർ ആർ.കെ.കത്തരിയ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
ആശ്രാമം ഇ.എസ്.ഐ
ഇപ്പോൾ കിടക്കകൾ: 200
ഉയർത്തുന്നത്: 300
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
100 കിടക്കകളുള്ള പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാൻ നടപടി
നിലവിലെ എൽ- ആകൃതിയിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മൂന്ന് നിലയും മറ്റൊരു ഭാഗത്ത് രണ്ട് നിലയും നിർമ്മിക്കും
മതിയായ ഹാജരില്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കപ്പെടാതിരിക്കാൻ ആശുപത്രി സൂപ്രണ്ടിന് വിവേചനാധികാരം നൽകാൻ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് ഉത്തരവിറക്കാൻ ധാരണ
പുനലൂർ ഇ.എസ്.ഐ ഡിസ്‌പെൻസറി 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് മേജർ അറ്റകുറ്റപ്പണി നടത്തി നവീകരിക്കും