 
ചാത്തന്നൂർ: നൂറുമേനി വിളയുന്ന പാലവിള പുലിക്കോട് പാടശേഖരം ഇപ്പോഴും പൊന്നണിഞ്ഞു കിടക്കുകയാണ്. പക്ഷേ ഈ കാണുന്നത് നേരത്തേ ഉണ്ടായിരുന്നതിന്റെ നൂറിലൊന്നു പോലും ഇല്ലെന്നറിയുമ്പോഴാണ് ചാത്തന്നൂർ പാലവിള വാർഡിലെ പുലിക്കോട് ഏലായിൽ ഭൂമാഫിയ നടത്തിക്കൊണ്ടിരിക്കുന്ന വയൽ നികത്തലിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകുന്നത്. പുലിക്കോട് വയലും ഇടനാട് ഏലായും ഏതാണ്ട് ആയിരം ഏക്കറിലേറെയുണ്ടായിരുന്നെന്നാണ് പഴമക്കാർ പറയുന്നത്. ഈ വേനലിലും നല്ല നീരൊഴുക്കുള്ള ഇവിടെ ഇപ്പോൾ നെല്ലിനു പകരം അക്കേഷ്യയാണ് വളർത്തുന്നത്. ഇനിയും മിണ്ടാതെ നോക്കി നിന്നാൽ നെൽക്കൃഷിക്ക് ചരമഗീതം പാടേണ്ടിവരും. അത്ര വേഗത്തിലാണ് നെൽവയലുകൾ കരഭൂമിയാക്കി മാറ്റുന്നത്.
കൃഷിഭവനും വില്ലേജ് ഓഫീസും അറിയുന്നില്ല
ചാത്തന്നൂർ കൃഷിഭവനും വില്ലേജ് ഓഫീസും പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷനിൽ നിന്ന് വിളിപ്പാട് അകലെയാണ് പാലവിള പുലിക്കോട് വയൽ. ചില ജനപ്രതിനിധികളുടെ വയലും ഇത്തരത്തിൽ
നികത്തിത്തുടങ്ങിയിട്ടുണ്ട്. കോഷ്ണക്കാവ് - പുലിക്കോട് റോഡിൽ മാത്രം 50 ഏക്കറിലേറെ വയലാണ് നികത്തിയത്. വേനലിലും വറ്റാത്ത നീരുറവകൾ ഇനിയും അവശേഷിക്കുന്ന ഇവിടെ ഉറവകൾ നിർജീവമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉറവ വറ്റിച്ച ഭാഗത്തെ ഭൂഗർഭജലം കൂടി ഇല്ലാതാക്കി എളുപ്പത്തിൽ കരഭൂമിയാക്കുന്നതിനാണ് അക്കേഷ്യ മരം വച്ചു പിടിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
മണ്ണെത്തിക്കുന്നത് കുട്ടയിലും പെട്ടി ഓട്ടോയിലും
ഏലാ നികത്തുന്നതിന്റെ പ്രാരംഭമായി ചാക്കിലാണ് ആദ്യം മണ്ണ് എത്തിക്കുന്നത്. ഈ മണ്ണിൽ പച്ചക്കറി തൈകൾ നടുന്നതിനൊപ്പം അക്കേഷ്യയുടെ തൈകളുംകൂടി വെയ്ക്കും. പച്ചക്കറികൾ വിളവെടുക്കുന്നതോടെ അക്കേഷ്യാ മരങ്ങൾ ചുവടുറപ്പിച്ചു കഴിയും. പിന്നീട് പെട്ടിഓട്ടോകളിൽ കുറേശ്ശേയായി മണ്ണെത്തിച്ച് അക്കേഷ്യാ തൈകൾക്കിടയിലിക്കിടും. രണ്ടുമൂന്നു വർഷം കൊണ്ട് വയൽ മുഴുവൻ കരയായിക്കഴിയും. ഏക്കറു കണക്കിന് വയലാണ് ഇന്ന് അക്കേഷ്യാവനവും അടിക്കാടുമായി മാറിയത്.