new-building
നിർമ്മാണം പുരോഗമിക്കുന്ന വിളക്കുടി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം. പുതിയ കെട്ടിടത്തിന്റെ മുൻപിലുള്ള കാട് മൂടിയ മൺതിട്ടയും പിന്നിൽ നിലവിലെ ആശുപത്രിയും കാണാം

കുന്നിക്കോട് : കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കുടുംബാരോഗ്യ കേന്ദ്രമായ വിളക്കുടി ഗവ. ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ഈ മാസം മദ്ധ്യത്തോടെ ഉദ്ഘാടനം തീരുമാനിച്ചിട്ടുണ്ടെങ്കിലും നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. തറയിൽ പാകുന്ന ടൈൽസിന്റെയും വൈദ്യുതീകരണത്തിന്റെയും പണികൾ പുരോഗമിക്കുന്നുണ്ടെങ്കിലും പ്ലംബിംഗ്, പെയിംഗ് ഫർണിഷിംഗ് തുടങ്ങിയ ജോലികൾ ശേഷിക്കുന്നുണ്ട്. കൂടാതെ പുതിയ കെട്ടിടത്തിന് മുന്നിൽ പ്രവേശന കവാടത്തിന് സമീപമുള്ള കാട് മൂടിയ മൺതിട്ട നീക്കം ചെയ്യാനുമുണ്ട്. പുതിയ കെട്ടിടത്തിന് മുൻവശത്തുള്ള സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ണി ആരംഭിച്ചിട്ടില്ല.എന്നാൽ നിർമ്മാണം പൂർത്തിയാക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉദ്ഘാടനം നടത്താനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

കിടത്തിച്ചികിത്സ വേണം

ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെ 2017 ഏപ്രിൽ7നാണ് കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചത്. 30 വർഷത്തിന് മുൻപ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോൾ കിടത്തിച്ചികിത്സ ഉണ്ടായിരുന്നു. പിന്നീടത് നിലച്ചു. പുതിയ കെട്ടിടം നിർമ്മിച്ച് ആശുപത്രി അവിടേക്ക് മാറുമ്പോൾ നിലവിലുള്ള കെട്ടിടത്തിലടക്കം കൂടുതൽ സ്ഥലവും സൗകര്യവും ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന കിടത്തിച്ചികിത്സയും മുഴുവൻ സമയ ഡോക്ടറുടെ സേവനവും പുന:സ്ഥാപിക്കണമെന്നാണ് ആവശ്യം .

സാമൂഹികാരോഗ്യ കേന്ദ്രവും അടിയന്തര ചികിത്സയും

പത്തനാപുരത്ത് താലൂക്ക് ആശുപത്രി വരുന്ന മുറയ്ക്ക് വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം - തിരുമംഗലം ദേശീയ പാതയോരത്ത് കൊട്ടാരക്കരയ്ക്കും പുനലൂരിനും മദ്ധ്യേയുള്ള ഏക സർക്കാർ ആശുപത്രിയാണ് വിളക്കുടിയിലുള്ളത്. ഇവിടെ നിന്നും പത്ത് കിലോമീറ്റർ ദൂരത്താണ് ഇരു ഭാഗത്തുമുള്ള താലൂക്ക് ആശുപത്രികളുള്ളത്.