photo

കരുനാഗപ്പള്ളി: ഇന്റർ നാഷണൽ ബുക്ക് ഒഫ് റെക്കോഡ് ഹിമാചൽപ്രദേശിലെ ഷിംലയിൽ സംഘടിപ്പിച്ച നോൺ സ്റ്റോപ്പ് സ്പീഡ് റോളർ സ്‌കേറ്റിംഗിൽ തുടർച്ചയായി രണ്ട് മണിക്കൂർ പങ്കെടുത്ത് ആറാം ക്ളാസുകാരൻ ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോഡ്‌സിൽ ഇടം നേടി.

കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയും ഇടക്കുളങ്ങര അഫ്സർ വില്ലയിൽ അൻവർ സാദത്ത് - വാഹിദ ദമ്പതികളുടെ രണ്ടാമത്തെ മകനുമായ അഫ്സർ മുഹമ്മദാണ് കന്നി മത്സരത്തിൽ നേട്ടം കൊയ്തത്. 2019 നവംബറിലാണ് ഷിംലയിൽ സ്കേറ്റിംഗ് നടന്നത്. കൊവിഡിനെ തുടർന്ന് സമ്മാനദാനം ഒഴിവാക്കിയതിനാൽ ജനുവരിയിലാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

രണ്ട് മണിക്കൂർ തുടർച്ചയായി വേഗത കുറയ്ക്കാതെ വിശ്രമമില്ലാതെയാണ് മത്സരത്തിൽ പങ്കെടുത്തത്. 300 ഓളം കുട്ടികൾ പങ്കെടുത്തു. രണ്ട് വർഷമായി കരുനാഗപ്പള്ളി സ്വദേശിയായ അശ്വിന്റെ കീഴിലാണ് അഫ്സർ മുഹമ്മദ് പരിശീലനം നടത്തിയിരുന്നത്. സഹോദരങ്ങൾ: ആഷിയ അൻവർ,​ ആദമലി മുഹമ്മദ്.