കൊട്ടാരക്കര: പൊലീസ് വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാക്കൾ പൊലീസിന് മുന്നിൽ ഹാജരായി. ഡി.വൈ.എഫ്.ഐ ബ്ളോക്ക് ട്രഷറർ കൊട്ടാരക്കര പള്ളിയ്ക്കൽ പ്ളാമൂട് സുജിത്ത് ഭവനത്തിൽ അരവിന്ദ് (28), വില്ലേജ് കമ്മിറ്റി സെക്രട്ടറി കോട്ടാത്തല മൂഴിക്കോട് തേവന്റഴികത്ത് വീട്ടിൽ അരുൺ (32), പള്ളിയ്ക്കൽ പ്ളാമൂട് മേലേവിള പുത്തൻവീട്ടിൽ നസീർ (39), പ്ളാമൂട് നിസാം മൻസിലിൽ നഹാസ്(21) എന്നിവരെയാണ് സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ.ജോൺസന്റെ സാന്നിദ്ധ്യത്തിൽ കൊട്ടാരക്കര ഡിവൈ.എസ്.പിയ്ക്ക് മുന്നിൽ ഹാജരാക്കിയത്. ഡിസംബർ 31ന് രാത്രി8ന് കൊട്ടാരക്കര പ്ളാമൂട് ജംഗ്ഷനിൽ നിന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ ലുക്മാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. സമീപത്തെ മരണ വീട്ടിൽ നിന്ന് വരുന്ന വഴി കൂട്ടുകാരോട് വർത്തമാനം പറഞ്ഞുനിന്ന ലുക്മാനെ പുതുവത്സര ആഘോഷമാണെന്ന് തെറ്റിദ്ധരിച്ചാണ് വനിതാ എസ്.ഐയും സംഘവും കസ്റ്റഡിയിലെടുത്തത്. അകാരണമായി കസ്റ്റഡിയിലെടുത്ത സംഭവം നിമിഷ നേരംകൊണ്ട് ഡി.വൈ.എഫ്.ഐ പ്രവ‌ർത്തകർ അറിയുകയും പൊലീസ് വാഹനം മുസ്ളിം സ്ട്രീറ്റിൽ തടഞ്ഞ് ലുക്മാനെ മോചിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ സംഭവത്തിൽ പൊലീസ് വാഹനം തടഞ്ഞ് കേടുപാട് വരുത്തിയതിനാണ് അരവിന്ദ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.