photo
അംഗൻവാടിക്ക് സൗജന്യമായി നൽകുന്ന ഭൂമിയുടെ രേഖകൾ ഡിവിഷൻ കൗൺസിലർ ബിന്ദു അനിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന് കൈമാറുന്നു.

കരുനാഗപ്പള്ളി : നഗരസഭയുടെ 20-ം ഡിവിഷനിൽ വർഷങ്ങളായി വാടകയ്ക്ക് പ്രവർത്തിക്കുന്ന അങ്കണവാടിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സ്വന്തമായി ഭൂമി ലഭിച്ചു. ഡിവിഷൻ കൗൺസിലർ ബിന്ദു അനിൽ 3 സെന്റ് ഭൂമി സൗജന്യമായി നൽകി മാതൃകയായി. കന്നേറ്റി സി.എം.എസ്.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ആദ്യ ഗ്രാമസഭയിൽ വെച്ച് ഭൂമിയുടെ രേഖകൾ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന് കൈമാറി.തിരഞ്ഞെടുപ്പ് വേളയിൽ അങ്കണവാടിയ്ക്ക് സ്വന്തമായി ഭൂമിയില്ലാത്തത് എൽ .ഡി .എഫ് സ്ഥാനാർത്ഥിയായിരുന്ന ബിന്ദുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. താൻ ജയിച്ചാൽ ആദ്യം പരിഹരിക്കുന്നത് അങ്കണവാടിയുടെ പ്രശ്നമായിരിക്കുമെന്ന് ബിന്ദു വോട്ടർമാർക്ക് ഉറപ്പും നൽകിയിരുന്നു. ആ ഉറപ്പാണ് പാലിച്ചത്. ബിന്ദുവിന്റെ മാതാപിതാക്കളായ വിജയന്റെയും പൊന്നമ്മയുടെയും സ്മരണയ്ക്കായി ഭൂമി ഇഷ്ടദാനമായി നൽകുകയായിരുന്നു.യോഗം സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു.നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ‌ർമാൻമാരായ എം .ശോഭന, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പടിപ്പുര ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.