d

കൊല്ലം : കല്ലുപാലം പണി ഇഴഞ്ഞുനീങ്ങവേ കരാറുകാരനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കോർപ്പറേഷനും എം. മുകേഷ് എം.എൽ.എയും. ഇന്നലെ കരാറുകാരനെ കോർപ്പറേഷൻ ഓഫീസിൽ വിളിച്ചപ്പോഴും പണികൾ ഉടൻ പൂർത്തീകരിക്കാമെമെന്ന ഉറപ്പാണ് അദ്ദേഹം നൽകിയത്. മേയറും എം. മുകേഷ് എം.എൽ.എയും ഒരുമാസം മുമ്പ് കരാറുകാരനെ ശക്തമായ ഭാഷയിൽ ശാസിച്ചിരുന്നു. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന തരത്തിലാണ് കരാറുകാരന്റെ ഇടപെടൽ. കരാറെടുത്ത തിരുവനന്തപുരം ആസ്ഥാനമായുള്ള ഹെതർ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനത്തിന് ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചുള്ള പരിചയം മാത്രമേയുള്ളൂവെന്ന ആരോപണം ശക്തമാണ്. നഗരത്തിലെ പ്രധാന വ്യാപാര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ വ്യാപാരികളും ആശങ്കയിലാണ്.

ക്ഷുഭിതനായി എം.എൽ.എ

പണി പൂർത്തിയാക്കാതെ നിരുത്തരവാദപരമായി പെരുമാറുന്നതിൽ കരാറുകാരനോട് ക്ഷുഭിതനായി എം. മുകേഷ് എം.എൽ.എ. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടും പണി പൂർത്തിയാക്കാത്തത് ന്യായീകരിക്കാനാകില്ലെന്നും കർശന നിയമനടപടി സ്വീകരിക്കാനുള്ള അവസരമുണ്ടാക്കരുതെന്നും എം.എൽ.എ കരാറുകാരനോട് വ്യക്തമാക്കിയിട്ടുണ്ട്. പാലം നിർമ്മാണത്തിൽ അലസത കാട്ടുന്ന കരാറുകാരനെ ഒഴിവാക്കി മറ്റാർക്കെങ്കിലും കരാർ നൽകണമെന്ന നിലപാടിലാണ് എം.എൽ.എ.

ഇപ്പ ശരിയാക്കിത്തരാം

പണി ഇഴഞ്ഞുനീങ്ങുന്നതിനെക്കുറിച്ച് കരാറുകാരനോട് അന്വേഷിച്ചാൽ 'ഇപ്പ ശരിയാക്കിത്തരാം' എന്ന സിനിമാ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് മറുപടി. ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന സ്ഥിരം മറുപടിയാണ് അദ്ദേഹം നൽകുന്നത്. സാധനസാമഗ്രികൾ ഇറക്കാനുള്ള പണം കൈയിലില്ലാത്തതിനാലാണ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

നിർമ്മാണം തുടങ്ങിയത് 2019ൽ

2019 സെപ്തംബറിലാണ് കല്ലുപാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. ഒന്നരവർഷം കഴിഞ്ഞിട്ടും പാലത്തിന്റെ പകുതിപ്പണി പോലും പൂർത്തിയായില്ല. 16 പൈലുകളിൽ പത്തെണ്ണമാണ് ബോറിംഗ് നടത്തിയിട്ടുള്ളത്. ഇത്തരത്തിൽ പണി ഇഴഞ്ഞാൽ ഒരുവർഷംകൂടി പിന്നിട്ടാലും പാലം പൂർത്തിയാകില്ല.