തെന്മല : ജില്ലയിൽ കൊവിഡ് കണക്കുകൾ നാൾക്കുനാൾ കുതിച്ചുയർന്നിട്ടും നിരത്തിൽ ജനങ്ങളുടെ തിക്കും തിരക്കും മാത്രം. മാസ്ക് ധരിക്കുന്നത് മാത്രമാണ് പലർക്കും നിയന്ത്രണം. ഇതിനിടയിൽ സാമൂഹിക അകലം പഴങ്കഥ ആവുകയാണ്. ബസുകളിൽ പോലും സൂചി കുത്താൻ ഇടമില്ലാത്ത അവസ്ഥയും. സ്കൂളുകളിൽ നിയന്ത്രണങ്ങൾ കർശനമാണെങ്കിലും സ്കൂൾ വിട്ടാൽ കുട്ടികൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് കാണാനാവുക.
മാനദണ്ഡങ്ങൾ ചവറ്റുകൂനയിൽ
വ്യാപാര സ്ഥാപനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പല സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ചവറ്റുകൂനയിലാണ്. മിക്ക കടകളുടെയും മുൻപിൽ സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസർ കാലിയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടുണ്ടാകും. മാത്രമല്ല ഇവിടങ്ങളിലെ സാമൂഹിക അകലം കണ്ടറിയുക തന്നെ വേണം.
ഈ മാസം ആദ്യത്തെ6 ദിവസങ്ങളിൽ തന്നെ കൊല്ലം ജില്ലയിൽ 3097 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കൊവിഡ് കേസുകൾ അഞ്ഞൂറിന് മുകളിലെത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ജില്ലയിൽ നടന്ന രാഷ്ട്രീയ സമരങ്ങളിലും ധർണകളിലും മറ്റും നൂറുകണക്കിന് ആളുകളാണ് പങ്കെടുത്ത്. ഈവിധം ജനങ്ങൾ തിരക്ക് കൂട്ടുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നില്ലെന്നാണ് ആക്ഷേപം.