 
കുണ്ടറ: കവി പാടിയതും പതിരാക്കി കണിക്കൊന്ന മകരമാസത്തിലും പൂത്തുലഞ്ഞു. കുണ്ടറ കുരിപ്പള്ളി മൊയ്ദീൻ ജംഗ്‌ഷന് സമീപം കുന്നുവിള വീട്ടിൽ സജീന്ദ്രന്റെ വിട്ടുമുറ്റത്തെ കണിക്കൊന്ന ഒന്നും രണ്ടുമല്ല, ഇത് ആറാം വർഷമാണ് മകരത്തിൽ പൂക്കുന്നത്.
ഇത്തവണ ഒരില പോലും കാണാനാകാതെ പൂക്കൾ കൊണ്ട് നിറഞ്ഞത് നാടിനും കൗതുക കാഴ്ചയായി. കുണ്ടറ - കൊട്ടിയം റോഡ് വശത്താണ് ദൃശ്യവിരുന്ന്. കൊന്നപ്പൂവിന്റെ ഫോട്ടോയെടുക്കാനും വീഡിയോ പകർത്താനും ദിവസവും നിരവധി പേരാണ് എത്തുന്നത്. കൊന്നമരത്തിന് പന്ത്രണ്ട് വഷത്തോളം പ്രായമുണ്ടെന്ന് വീട്ടുകാർ പറയുന്നു.
സാധാരണ മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് കണിക്കൊന്നകൾ പൂക്കുന്നത്. എന്നാൽ ഈ കൊന്നമരം ജനുവരിയിൽ പൂത്ത് മാർച്ച് - ഏപ്രിൽ മാസമാകുമ്പോൾ പൂക്കൾ കൊഴിച്ച് ഇലകൾ കൊണ്ട് നിറയും.
 പൂക്കാതിരിക്കാനാവില്ല!
മണ്ണിലെ ജലാംശം പരിധിവിട്ട് കുറയുമ്പോഴൊക്കെ കണിക്കൊന്നകൾ പൂക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സസ്യങ്ങൾ പൂവിടുന്നത് നിയന്ത്രിക്കുന്നത് ഫ്ളോറിജൻ എന്ന സസ്യ ഹോർമോണാണ്. ചൂട് കൂടുമ്പോൾ ഫ്ളോറിജന്റെ ഉത്പാദനം വർദ്ധിക്കുന്നതാണ് ഇത്തരം പ്രതിഭാസത്തിന് കാരണം. ചിലപ്പോൾ വർഷത്തിൽ മിക്ക മാസങ്ങളിലും ചില കൊന്നകൾ പൂക്കാറുണ്ട്.
''
വിഷു വരുമ്പോൾ കണിവയ്ക്കാൻ ഒരുതരി പൂവ് പോലും ഇതുവരെ ലഭിച്ചിട്ടില്ല.
സജീന്ദ്രൻ