കൊല്ലം: പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഉന്നത നിലവാരമുള്ള തലമുറയെ മുന്നോട്ട് നയിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈടെക് സ്‌കൂളുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് അന്താരാഷ്ട്ര നിലവാരത്തിൽ സ്കൂളുകൾ നവീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. മന്ത്രി ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ചവറ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിന്റെ പ്രദേശിക ഉദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഗോപൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. അന്തരിച്ച എൻ. വിജയൻപിള്ള എം.എൽ.എയ്ക്ക് ചടങ്ങിൽ ആദരം അർപ്പിച്ചു. മകൻ ഡോ. സുജിത്ത് വിജയൻപിള്ള ആദരം ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡന്റ് ജ്യോതികുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ജെ. ഷൈല, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷമി, ഗ്രാമപഞ്ചായത്ത് അംഗം ലിൻസി ലിയോൺസ്, പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.