
 15ന് ഗതാഗതത്തിന് തുടക്കമാകും
കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈമാസം15ന് കൊല്ലം തോട്ടിൽ ഓളങ്ങളുയരും. ദേശീയജലപാതയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കുമ്പോൾ കൊല്ലം തോട് വഴിയുള്ള ഗതാഗതത്തിന് തുടക്കമാകും. ജില്ലയിൽ നിന്നുള്ള മന്ത്രിമാരടക്കമുള്ളവർ കാപ്പിൽ ഭാഗത്ത് നിന്നോ അഷ്ടമുടിക്കായലിൽ നിന്നോ കൊല്ലം തോട് വഴി ബോട്ടിൽ സഞ്ചരിക്കും.
കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് ലിമിറ്റഡിന്റെ (ക്വിൽ) സോളാർ ബോട്ടാണ് ആദ്യം സർവീസ് നടത്തുക. 24 പേർക്ക് ഇരിക്കാൻ കഴിയും. ബുധനാഴ്ച ഉദ്ഘാടനത്തിന് മുന്നോടിയായി ട്രയൽ റൺ നടക്കും. തോട് നവീകരണം പൂർണമായും പൂർത്തിയായില്ലെങ്കിലും ഗതാഗതത്തിനുള്ള സൗകര്യങ്ങളായിട്ടുണ്ട്. ശേഷിക്കുന്ന പാർശ്വഭിത്തി നിർമ്മാണം അടക്കമുള്ള പ്രവൃത്തികൾ തുടർന്ന് നടക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി തോട്ടിലെ പായൽ നീക്കലും തീര ശുചീകരണവും അതിവേഗം പുരോഗമിക്കുകയാണ്.
 ആകെ നീളം: 7.86 കിലോ മീറ്റർ
 നവീകരണം ആരംഭിച്ചത്: 2010ൽ
 റീച്ചുകൾ: 6
 'ജലവഴി'യുടെ നാൾവഴികൾ
അഷ്ടമുടി കായൽ മുതൽ ഇരവിപുരം വരെ കൊല്ലം തോടിന്റെ നവീകരണം 2010ലാണ് ആരംഭിച്ചത്. ആറ് റീച്ചുകളായാണ് നവീകരണ പദ്ധതി. ഇതിൽ കല്ലുപാലം മുതൽ അഷ്ടമുടി കായൽ വരെയുള്ള ആറാം റീച്ചിന്റെ നവീകരണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയായി. ശേഷിക്കുന്ന അഞ്ച് റീച്ചുകളിലെ നവീകരണം തീരം കൈയേറി താമസിച്ചവരുടെ എതിർപ്പ് കാരണം തുടങ്ങാനായില്ല. 2015ൽ തീരത്തുള്ളവരെ ഒഴിപ്പിച്ച് വീണ്ടും നവീകരണം പുനരാരംഭിച്ചിട്ട് ഇപ്പോൾ ആറ് വർഷമാകുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് നവീകരണം വേഗത്തിലായത്.
 നവീകരണം രണ്ടാംഘട്ടം
1. കൊല്ലം തോടിന്റെ രണ്ടാംഘട്ട നവീകരണം ഉടൻ ആരംഭിക്കും
2. വീതികൂട്ടലിന് തടസമായി നിൽക്കുന്ന വീടുകൾ പൊളിച്ചുനീക്കും
3. പട്ടയമുള്ളവരാണെങ്കിൽ പുതിയ ഭൂമി അനുവദിക്കും
4. മുണ്ടയ്ക്കൽ, ഇരവിപുരം പാലങ്ങൾ പൊളിച്ചുനീക്കും
5. കൂടുതൽ ഉയരത്തിലും വീതിയിലും നിർമ്മിക്കും
6. കച്ചിക്കടവിലും പുതിയ പാലം
7. ചരക്ക് ബോട്ടുകൾക്ക് പോകാവുന്ന തരത്തിൽ ആഴം വർദ്ധിപ്പിക്കും
''
പാർശ്വഭിത്തി ഉൾപ്പെടെയുള്ളവയുടെ നവീകരണം വേഗത്തിൽ പുരോഗമിക്കുകയാണ്. ഇനി കാലതാമസം അനുവദിക്കില്ല.
ഉൾനാടൻ ജലഗതാഗത വകുപ്പ്