തെന്മല : ഇക്കോടൂറിസത്തിന്റെ ഭാഗമായ ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിൽ നിന്ന് പ്രവേശന ടിക്കറ്റ് ലഭിക്കാത്തത് സഞ്ചാരികളെ വലയ്ക്കുന്നു. മാനുകളുടെയും മ്ലാവുകളുടെയും കാഴ്ചകൾ കാണാനായി ഇവിടെ എത്തുന്ന സഞ്ചാരികൾ ടിക്കറ്റ് ലഭിക്കാതെ നിരാശയോടെ മടങ്ങുകയാണ്. തെന്മലയിലെ ഇക്കോടൂറിസം ഓഫീസിൽ നിന്ന് 480 രൂപയുടെ പാക്കേജ് എടുക്കുന്നവർക്ക് മാത്രമേ നിലവിൽ മാൻ പാർക്കിലേക്കും പ്രവേശനം അനുവദിക്കുന്നുള്ളു. ബോട്ടിംഗിന് ഉൾപ്പടെയാണ് ഈ തുക. ബോട്ടിംഗ് ഇല്ലാതെ 350 രൂപയാണ് ഒരാൾക്ക് ഈടാക്കുന്നത്. ഇത് മാൻ പാർക്കിലെ കാഴ്ചകൾ കാണാനായി മാത്രമെത്തുന്ന സഞ്ചാരികൾക്ക് ഇരുട്ടടിയാവുകയാണ്. മാത്രമല്ല ഒരാൾക്ക് 480 രൂപ എന്ന പാക്കേജ് സാധാരണക്കാർക്ക് താങ്ങാനാവുന്നതുമല്ല. ഈ പാക്കേജ് ഇല്ലാതെ ഇക്കോ ടൂറിസത്തിന്റെ ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കാനുമാവില്ല.
ടിക്കറ്റ് എടുക്കാൻ തെന്മല വരെ പോകണം
പുനലൂർ വഴി മാൻ പാർക്കിലെത്തുന്നവർക്ക് ടിക്കറ്റ് എടുക്കാൻ ഒരു കിലോമീറ്ററോളം സഞ്ചാരിച്ച് തെന്മലയിലെത്തേണ്ട അവസ്ഥയുമാണ്. കൊവിഡിന് മുൻപ് വരെ 30 രൂപ ടിക്കറ്റ് നിരക്കിൽ സഞ്ചാരികളെ മാൻ പാർക്കിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറന്നപ്പോഴാണ് പുതിയ പരിഷ്കരണം. പാക്കേജ് സംവിധാനം പിൻവലിച്ച് പഴയപടി മാൻ പാർക്കിലെ ടിക്കറ്റ് കൗണ്ടർ പുനഃസ്ഥാപിക്കണമെന്നാണ് ഇപ്പോൾ സഞ്ചാരികളുടെ ആവശ്യം.
മാനുകളുടെ പുനരധിവാസ കേന്ദ്രം
പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ മാൻ കുഞ്ഞുങ്ങളെ പരിപാലിച്ച് തിരിച്ച് കാട്ടിലേക്കു വിടുന്ന കേന്ദ്രമാണിത്. നിലവിൽ 29 മാനുകളും 13 മ്ലാവുകളുമാണ് കേന്ദ്രത്തിലുള്ളത്. ഇതിനടുത്തുതന്നെ കുട്ടികള്‍ക്കായുള്ള ഒരു ഇക്കോ പാർക്കുമുണ്ട്.