ചാത്തന്നൂർ: പാലവിള പുലിക്കോട്ട് ഏലാ നികത്തലുമായി ബന്ധപ്പെട്ട് നടന്നത് ഗൂഢാലോചനയും അഴിമതിയുമെന്ന് കർഷകർ. യഥാർത്ഥ കർഷകരുടെ ദൈന്യതയെ മറയാക്കി നിലംനികത്തൽ വ്യാപകമാക്കുകയായിരുന്നു. വേനൽക്കാലത്ത് പോലും ജലസമൃദ്ധമായിരുന്ന ഏലായിലെ നീരൊഴുക്ക് തടസപ്പെടുത്താൻ ആദ്യമേ ശ്രമമുണ്ടായിരുന്നു. ജലസേചനത്തിനെന്ന പേരിൽ കുളം നവീകരിച്ച് നീരൊഴുക്കിന് ചരമഗീതം പാടിയ ചരിത്രമാണ് പുലിക്കോട് ഏലായ്ക്ക് പറയാനുള്ളത്. നവീകരണ പദ്ധതിയുടെ മറവിൽ ലക്ഷങ്ങൾ വെട്ടിച്ചതായും ആക്ഷേപമുണ്ട്.
തെളിനീരുറവ 'വറ്റിക്കാൻ" പഞ്ചായത്ത് പദ്ധതി !
പാലവിള വയലേലയെ കരഭൂമിയാക്കാൻ ലക്ഷ്യമിട്ടാണ് നാട്ടുകുളം നവീകരിച്ചതെന്ന് കർഷകർ ആരോപിക്കുന്നു. കുളം കല്ലുകെട്ടി കോൺക്രീറ്റ് ചെയ്തതോടെ ഒരിക്കലും വറ്റാതെ തെളിനീരൊഴുക്കിയിരുന്ന നീരുറവയ്ക്ക് അന്ത്യം കുറിക്കപ്പെട്ടു. കൈത്തോടുകളും പൂർണമായി കോൺക്രീറ്റ് ചെയ്തതോടെ കാലക്രമത്തിൽ ഉറവകൾ അടഞ്ഞു.
വെള്ളം മണ്ണിൽ താഴാതെ കോൺക്രീറ്റ് ഭിത്തികളിലൂടെ ഒഴുകി നഷ്ടപ്പെട്ടതോടെ വയൽ വരണ്ടുതുടങ്ങി. ഈ ഭാഗങ്ങളിൽ അതിവേഗം വളരുന്ന പാഴ്മരങ്ങൾ നട്ടുപിടിപ്പിച്ച് കരഭൂമിയാക്കാനുള്ള കുതന്ത്രത്തിന് ഗതിവേഗം നൽകാനും ബന്ധപ്പെട്ടവർ മറന്നില്ല. കൃഷി ഇല്ലാതായതോടെ കുറ്റിച്ചെടികൾ വളർന്ന് അടിക്കാടും രൂപപ്പെട്ടു. വില്ലേജ് ഓഫീസ് രേഖകളിൽ ഇന്നും 'നിലം" എന്ന് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശം 'കരപുരയിടം" എന്ന് തിരുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കുളം നവീകരണത്തിന് 17 ലക്ഷം
ജലസമൃദ്ധമായിരുന്ന പുലിക്കോട് ഏലായെ മരുഭൂമിയാക്കാൻ ലക്ഷ്യമിട്ട് കുളം നിർമ്മിച്ചതിന് പിന്നിൽ അഴിമതിയുടെ കഥ കൂടിയുണ്ട്. മുട്ടൊപ്പം വെള്ളത്തിൽ ആഫ്രിക്കൻ പായൽ മാത്രം അവശേഷിക്കുന്ന നാലു ചതുരശ്ര മീറ്റർ മാത്രം വിസ്തൃതിയുള്ള കുളത്തിന്റെ നിർമ്മാണച്ചെലവ് 17 ലക്ഷം രൂപയായിരുന്നു. കുളം നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം, ഡി.വൈ.എഫ്.ഐ തുടങ്ങിയ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.