 
ചാത്തന്നൂർ: പാലവിള പുലിക്കോട് ഏലാ നികത്തലിനെതിരെ സമരം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. കർഷകരെ മറയാക്കി ഏക്കർ കണക്കിന് നെൽവയൽ കരഭൂമിയാക്കി മാറ്റുന്നത് സംബന്ധിച്ച് 'കേരളകൗമുദി" ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതോടെ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം ജയിംസ് കൊല്ലായ്ക്കൽ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിനു മാത്യു, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അജീഷ്, സുഗീത് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് കൊടിനാട്ടി പ്രതിഷേധത്തിന് തുടക്കം കുറിച്ചു. വില്ലേജ് ഓഫീസ് രേഖകൾ പരിശോധിച്ച്, കരയാക്കി മാറ്റിയ മുഴുവൻ വയലുകളും പൂർവസ്ഥിതിയിലാക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷിഹാൻ പറഞ്ഞു.