 
 കൈവരി തകർന്ന് ചെമ്മാംമുക്ക് മേൽപ്പാലം
 സമീപം പതിനഞ്ചടിയോളം താഴ്ചയുള്ള കുഴി
കൊല്ലം: സർക്കസിലെ നൂൽപ്പാലത്തിന്റെ അവസ്ഥയിലാണ് ചെമ്മാംമുക്ക് റെയിൽവേ മേല്പാലത്തിന്റെ കുറച്ചുഭാഗം. കാലൊന്ന് തെറ്റിയാൽ പതിക്കുക പതിനഞ്ചടിയോളം താഴ്ചയുള്ള കുഴിയിലേക്ക്. അജ്ഞാത വാഹനമിടിച്ച് മാസങ്ങളായി തകർന്നുകിടക്കുന്ന നടപ്പാതയുടെ കൈവരി പുനഃസ്ഥാപിക്കാത്തതോടെ അപകടക്കെണിയായി മാറിയിരിക്കുകയാണ് ഈ ഭാഗം.
ഏകദേശം 50 മീറ്ററോളം നീളത്തിൽ ഇപ്പോൾ കൈവരിയില്ല. പാലത്തിലെ തെരുവ് വിളക്കുകളിൽ ഒന്നുപോലും പ്രകാശിക്കുന്നുമില്ല. അതുകൊണ്ട് തന്നെ സന്ധ്യമയങ്ങുമ്പോൾ തന്നെ കുറ്റാക്കുറ്റിരുട്ടാണ്. പ്രായമുള്ളവരുൾപ്പെടെ നിരവധി പേരാണ് ഇതുവഴി പ്രഭാത - സായാഹ്ന സവാരി നടത്തുന്നത്. ചെറുപ്പക്കാർക്ക് തന്നെ കൈവരിയില്ലാത്ത ഈ ഭാഗത്ത് എത്തുമ്പോൾ തലചുറ്റും. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും പതിവായി ഇതുവഴിയാണ് സഞ്ചരിക്കുന്നത്. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഇതുവരെ ആരും കുഴിയിൽ വീഴാത്തത്.
 നടപ്പാത കൈയേറി നിർമ്മാണാവശിഷ്ടങ്ങൾ
വൻ അപകട സാദ്ധ്യതയുള്ള ചെമ്മാംമുക്ക് പാലത്തിന്റെ ഈ ഭാഗത്തെ നടപ്പാതയിൽ റോഡ് നവീകരണത്തിനായി എത്തിച്ച ടാറിന്റെയും മെറ്റിലിന്റെയും അവശിഷ്ടങ്ങളും കുന്നുകൂട്ടിയിരിക്കുകയാണ്. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ കൂനകൾ ശ്രദ്ധയിൽപ്പെടാതെ കാൽതട്ടി വീഴാൻ സാദ്ധ്യതയേറെയാണ്. കുറ്റിച്ചെടികളും ഇവിടെ കാടുപോലെ വളർന്ന് നിൽപ്പുണ്ട്.