
പരിശോധന ശക്തമാക്കി ഗതാഗത വകുപ്പ്
കൊല്ലം: മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് റോഡിൽ മലിനജലം ഒഴുക്കുന്നവരിൽ ഇരുചക്ര, മുച്ചക്രവാഹനങ്ങളും ഉൾപ്പെടും. കൊല്ലത്തെ തുറമുഖങ്ങളിൽ നിന്ന് മത്സ്യം വാങ്ങി മറ്റിടങ്ങളിൽ വില്പനയ്‌ക്കെത്തിക്കുന്ന ചെറുകിട കച്ചവടക്കാരുടെ വാഹനങ്ങളാണ് മലിനജലം റോഡിലൊഴുക്കുന്നത്.
ഹരിത ട്രൈബൂണൽ ഉത്തരവ് ലംഘിച്ച് ഇൻസുലേറ്റഡ് വാനുകൾ റോഡിൽ മലിനജലം ഒഴുക്കുന്നത് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ഗതാഗതവകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീമുകളുടെ നേതൃത്വത്തിൽ ഇന്ന് മുതൽ വാഹനപരിശോധന ശക്തമാക്കുമെന്ന് കൊല്ലം ആർ.ടി.ഒ ആർ. രാജീവ് അറിയിച്ചു.
ഇരുചക്രവാഹനങ്ങളുടെ പിന്നിൽ സ്ഥാപിക്കുന്ന അലൂമിനിയം ട്രേകളിൽ നിന്ന് താഴേയ്ക്ക് ട്യൂബുകൾ ഘടിപ്പിച്ചാണ് മലിനജലം തള്ളുന്നത്. ഈ ട്രേകൾക്ക് മുകളിലാണ് മത്സ്യം നിറച്ച പെട്ടികൾ വയ്ക്കുന്നത്. ട്യൂബ് ഘടിപ്പിക്കാത്ത വാഹനങ്ങളിൽ നിന്ന് മലിനജലം പിന്നിൽ സഞ്ചരിക്കുന്നവരുടെ ദേഹത്തേയ്ക്ക് തെറിക്കുന്നതും പതിവാണ്.
പെട്ടി ഓട്ടോകളുടെ പിന്നിൽ ആറ് മുതൽ ഏഴ് ഇഞ്ച് നീളത്തിൽ ജി.ഐ പൈപ്പുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. മത്സ്യക്കച്ചവടത്തിന് മാത്രം ഉപയോഗിക്കുന്ന പെട്ടിഓട്ടോകളും നിരവധിയാണ്. പുലർച്ചെ നാല് മുതൽ പത്തുവരെ നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളിൽ നിന്നും ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ചുവരെ വാടി, ജോനകപ്പുറം ഹാർബറുകളിൽ നിന്നുമാണ് വാഹനങ്ങൾ പുറപ്പെടുന്നത്.
''
നിയമലംഘനം കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം താക്കീതും നൽകും. ആവർത്തിച്ചാൽ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ആർ. രാജീവ്
ആർ.ടി.ഒ കൊല്ലം