 
ജനജീവിതം ദുസഹമാക്കി തഴവ തോട്
തഴവ: പാറപ്പുറം കോളനിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുന്നു. പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന കോളനിയിൽ നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ പകുതിയിൽ അധികം കുടുംബങ്ങളും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. കോളനിയിൽ കാലാനുസൃതമായ നവീകരണം നടത്തുന്നതിൽ അധികൃതർ വലിയ അനാസ്ഥ കാട്ടുകയാണെന്ന ആക്ഷേപം ശക്തമാണ്. കോളനിയുടെ പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്ന തഴവത്തോടാണ് ജനജീവിതം കൂടുതൽ ദുസഹമാക്കുന്നത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ജൈവ മാലിന്യങ്ങൾ, പായൽ എന്നിവ നിറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട തോട്ടിൽ മഴക്കാലത്ത് മാസങ്ങളോളമാണ് മലിനജലം കെട്ടിനിൽക്കുന്നത്. ശക്തമായ മഴ പെയ്യുമ്പോൾ താഴ്ന്ന സ്ഥലമായ കോളനിയിൽ വെള്ളം കയറുന്നത് പതിവാണ്.
തോടിന് പാർശ്വഭിത്തി കെട്ടണം:
നാട്ടുകാരുടെ ആവശ്യം ശക്തം
തഴവ തോടിന് പാർശ്വഭിത്തി കെട്ടി നീരൊഴുക്ക് സുഗമമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എത്രയും വേഗം ഇക്കാര്യത്തിൽ നടപടി കൈക്കൊള്ളണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.
തോടിന് വശത്തുകൂടിയുള്ള നടവഴിയിലൂടെയാണ് കോളനി നിവാസികളിൽ ഭൂരിഭാഗം പേരും പ്രധാന റോഡിലേക്ക് എത്തുന്നത്. വശങ്ങൾ ഇടിഞ്ഞ് കിടക്കുന്നത് മൂലം കുട്ടികൾ ഉൾപ്പടെയുള്ളവർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. തോടിന് സംരക്ഷണ ഭിത്തി നിർമ്മിച്ച് മേൽമൂടിയിട്ടാൽ യാത്രാസൗകര്യം മെച്ചപ്പെടും. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ല.
പകർച്ചവ്യാഥികൾ
കുട്ടികൾക്കിടയിൽ പലതരത്തിലുള്ള പകർച്ചവ്യാഥികൾ പടരുകയാണെന്ന് കോളനി നിവാസികൾ പരാതിപ്പെടുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം മുറയ്ക്ക് നടത്താറുണ്ട്. എന്നാൽ കോളനിയ്ക്ക് സമീപമുള്ള തോടിനെ ശുചീകരണത്തിൽ നിന്ന് ഒഴിവാക്കുകയാണെന്ന് പരാതിയുണ്ട്. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.