ആറുമാസം കൂടി ആവശ്യപ്പെട്ട് കരാറുകാരൻ
കൊല്ലം: കല്ലുപാലത്തിന് പകരമുള്ള പുതിയപാലത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിലായതിന് പിന്നാലെ കരാർ കാലാവധി വീണ്ടും നീട്ടി നൽകിയേക്കുമെന്ന് സൂചന. നേരത്തെ നാലുതവണ കാലാവധി നീട്ടിയിട്ടും നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തിൽ കരാറുകാരനെ മാറ്റണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പുതിയ നടപടി.
ആറുമാസം കൂടി കരാർ കാലാവധി നീട്ടിനൽകണമെന്ന ആവശ്യമാണ് കരാറുകാരൻ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. നിലവിൽ പത്തിൽ താഴെ തൊഴിലാളികളെ നിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. ഈ സ്ഥിതി തുടർന്നാൽ നീട്ടിനൽകുന്ന ആറുമാസം കഴിഞ്ഞാലും പണികൾ പൂർത്തിയാകാൻ സാദ്ധ്യതയില്ല.
ഒച്ചിഴയും വേഗം
2019 സെപ്തംബറിൽ കല്ലുപാലം പൊളിച്ചുനീക്കിയെങ്കിലും പുതിയ പാലത്തിന്റെ പണികൾ ആരംഭിക്കാൻ പിന്നെയും വൈകി. 2020 ഒക്ടോബറിൽ കരാർ കാലാവധി അവസാനിച്ചെങ്കിലും പണികൾ എങ്ങുമെത്തിയിരുന്നില്ല. തുടർന്ന് ഡിസംബർ 31 വരെ നീട്ടിനൽകി. എന്നിട്ടും അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല.
ജനുവരി 10ന് എം. മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ പങ്കെടുത്ത യോഗത്തിൽ അൻപത് ദിവസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകി. മൂന്ന് ഷിഫ്റ്റുകളായിലായി ഇരുപത്തിനാല് മണിക്കൂറും നിർമ്മാണ പ്രവർത്തനം നടത്താനും തീരുമാനിച്ചു. നാല് ദിവസം നിർമ്മാണം തകൃതിയായി നടന്നെങ്കിലും പിന്നീട് വീണ്ടും പഴയ അവസ്ഥയിലെത്തി.
പൂർത്തിയായത് 30 %
അഞ്ച് കോടി രൂപ അടങ്കൽ തുകയ്ക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ മുപ്പത് ശതമാനം പണികൾ പോലും പൂർത്തീകരിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇതുവരെ പൂർത്തീകരിച്ച പ്രവർത്തികൾക്കുള്ള ഒന്നര കോടി രൂപയുടെ ബില്ല് കരാറുകാരൻ സർക്കാരിന് നൽകിയിട്ടുണ്ട്. ഇത് അനുവദിച്ച് കിട്ടിയില്ലെന്നാണ് കരാറുകാരുടെ ഭാഷ്യം. എന്നാൽ കരാർ പ്രകാരം മുപ്പത്തിയഞ്ച് ശതമാനം പണികൾ പൂർത്തീകരിക്കുമ്പോൾ മാത്രമേ ആദ്യഘട്ട തുക കൈമാറാൻ സാധിക്കുകയുള്ളൂ.