കൊല്ലം: വേറിട്ട കാഴ്ചകളും വിനോദങ്ങളുമായി കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം പദ്ധതി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പി.ഐഷാപോറ്റി എം.എൽ.എയുടെ ശ്രമഫലമായാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.
കേരളകൗമുദി വാർത്തയിലൂടെ പുതുജീവൻ
ടൂറിസം പദ്ധതി മുക്കാൽ പങ്കും പൂർത്തിയാക്കിയശേഷം ഉപേക്ഷിച്ചിരുന്നതാണ്. സെപ്തംബർ 24ന് 'മീൻപിടിപ്പാറ ടൂറിസംപദ്ധതി ഉദ്ഘാടനത്തിന് മുന്നേ കാടുമൂടുന്നു' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കാടൂമൂടാൻ തുടങ്ങിയതും സാമൂഹ്യ വിരുദ്ധർ താവളമാക്കിയതുമടക്കം വാർത്തയിലൂടെ ചൂണ്ടിക്കാട്ടിയതോടെയാണ് അധികൃതർ ഉണർന്നത്.
വിനോദത്തിനുള്ളതെല്ലാം
സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് പദ്ധതി തയ്യാറാക്കിയത്. പാറക്കെട്ടുകളിൽ തട്ടിച്ചിതറിയൊഴുകുന്ന വെള്ളമാണ് മീൻപിടിപ്പാറയുടെ സൗന്ദര്യക്കാഴ്ച. കുട്ടികളുടെ പാർക്കും സഞ്ചാരികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും ടോയ്ലറ്റ് സംവിധാനങ്ങളും കല്ലുപാകിയ നടപ്പാതയും സംരക്ഷണ വേലിയും പുൽത്തകിടിയും റെയിൻ ഷെൽട്ടറും വ്യൂ ഡെക്കുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. പുലമൺ തോടിന് കുറുകെ നടപ്പാലമൊരുക്കി. നീരൊഴുക്കിനെ ചെറിയതോതിൽ തടയണ നിർമ്മിച്ച് വെള്ളത്തിലെ കളികൾക്ക് സൗകര്യവുമൊരുക്കി. വലിയ മത്സ്യ ശില്പം മറ്റൊരു കൗതുകക്കാഴ്ചയാണ്. വിവിധ ഇടങ്ങളിലായി മാനും മയിലുമടക്കമുള്ള ശില്പങ്ങളും സ്ഥാപിച്ചു. ആദ്യഘട്ടത്തിൽ 46 ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണ ഭിത്തികളുടെയും മറ്റും നിർമ്മാണം നടത്തി. രണ്ടാംഘട്ടത്തിൽ 1.47കോടി രൂപ അനുവദിച്ച് പദ്ധതി പൂർത്തിയാക്കുകയായിരുന്നു. മൂന്നാംഘട്ടമായി കൂടുതൽ തുക അനുവദിച്ച് പുലമൺ തോട്ടിലൂടെ ചെറുബോട്ട് സർവീസ് അടക്കം നടത്താനും ലക്ഷ്യമുണ്ട്.
ഉദ്ഘാടന ചടങ്ങ്
നാളെ വൈകിട്ട് 5ന് ഓൺലൈനിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പി.ഐഷാപോറ്റി എം.എൽ.എ എന്നിവർ ഓൺലൈനിലൂടെ പങ്കെടുക്കും. നഗരസഭ ചെയർമാൻ എ.ഷാജു അടക്കമുള്ള ജനപ്രതിനിധികൾ മീൻപിടിപ്പാറയിലെത്തി ശിലാഫലകം അനാശ്ചാദനം ചെയ്യും.
സുരക്ഷാ സംവിധാനങ്ങൾ
ടൂറിസം പദ്ധതിയുടെ പ്രദേശം മുഴുക്കെ കാമറ നിരീക്ഷണം ഏർപ്പെടുത്തി. പൊലീസുമായും ഇത് ബന്ധപ്പെടുത്തുന്നുണ്ട്. സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തും. ഡി.ടി.പി.സിയുടെയും കരാറുകാരുടെയും ജീവനക്കാരും ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകും
എന്റെ മനസ് അവിടെയുണ്ട് :
ഒരുപാടുകാലത്തെ സ്വപ്നമാണ് മീൻപിടിപ്പാറ ടൂറിസം പദ്ധതി. ഇപ്പോൾ അത് യാഥാർത്ഥ്യമായി. കൊവിഡിനെതുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അഡ്മിറ്റായതിനാൽ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുന്നില്ല. എന്നാലും എന്റെ മനസ് അവിടെയുണ്ട്.പി.ഐഷാപോറ്റി