 
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ വേനൽ ശക്തമായിട്ടും കനാൽ തുറന്ന് വിടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വേനൽ കടുത്തതോടെ കൊവിഡ് കാലത്ത് കൃഷിയിറക്കിയ കർഷകർ ദുരിതത്തിലായി. കിണറുകളിൽ വെള്ളം വറ്റിയതോടെ കൃഷി ഉണങ്ങി നശിക്കാൻ തുടങ്ങി. കനാൽ തുറന്ന് വിടുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലെ കനാൽ ശുചീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ ശുചീകരികണം പൂർത്തിയായെങ്കിലും കനാൽ തുറന്നു വിടാൻ കെ.ഐ.പി. അധികൃതർ തയ്യാറായിട്ടില്ല.
കുടിവെള്ള ക്ഷാമം
കഴിഞ്ഞ വർഷങ്ങളിൽ ജനുവരി ആദ്യവാരം തന്നെ കനാൽ തുറന്നു വിട്ട് കൃഷിയിടങ്ങളിലും കിണറുകളിലും വെള്ളമെത്തിയതിനാൽ വരൾച്ചയെ നേരിടാൻ കഴിയുമായിരുന്നു.പോരുവഴി പഞ്ചായത്തിന്റെ അതിർത്തിയിൽ നിന്ന് ശൂരനാട് തെക്ക്, വടക്ക് പഞ്ചായത്തുകളിലേക്കും ശാസ്താംകോട്ട ,പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലേക്കുമായി രണ്ടായി തിരിഞ്ഞ് പോകുന്ന കനാലിൽ വെള്ളമെത്തിയാൽ പരിസര പ്രദേശങ്ങളിലെ കുടിവെക്ഷാമം ഒഴിവാകും.
കനാൽ വൃത്തിയാക്കിയില്ല.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കാരാളിമുക്ക് ടൗൺ വാർഡിൽ ഇത്തവണയും കനാൽ ശുചീകരിച്ചിട്ടില്ല. മറ്റെല്ലാ പഞ്ചായത്തുകളും കനാൽ ശുചീകരണം പൂർത്തിയാക്കി. കഴിഞ്ഞ വർഷം കനാൽ വൃത്തിയാക്കാതെ ചപ്പുചവറുകൾ അടിഞ്ഞുകൂടി കനാലിൽ നിന്ന് പുറത്തേക്ക് ഒഴുകിയിരുന്നു. തുടർന്ന് പരിസരവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കെ.ഐ.പി.യിൽ നിന്ന് ജീവനക്കാരെത്തി മാലിന്യങ്ങൾ നീക്കി.
" ഈ മാസം പന്ത്രണ്ടാം തീയതിയോടെ താലൂക്കിൽ കനാൽ ജലം എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്."
എ. സജി
അസി.എക്സി. എൻജി.
കെ.ഐ.പി
" കനാൽ തുറന്നു വിടുന്നതിന് ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് "
അഡ്വ.അൻസർ ഷാഫി
ശാസ്താംകോട്ട ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്