
 നിരവധി പേർക്ക് പരിക്ക്
കൊട്ടിയം: വിവാഹത്തിനിടെ നടന്ന കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. കൊട്ടിയം സിത്താര ജംഗ്ഷന് സമീപത്തെ കല്യാണമണ്ഡപത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കണ്ണനല്ലൂർ വടക്കേമുക്ക് സ്വദേശിനിയായ വധുവും ചാത്തന്നൂർ സ്റ്റാൻഡാർഡ് ജംഗ്ഷൻ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹത്തിനിടെയാണ് അടിപിടിയുണ്ടായത്.
സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അടി തുടർന്നു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. കാറ്ററിംഗ് ജീവനക്കാരും പുറത്തുനിന്ന് എത്തിയവരുമാണ് സംഘർഷം ഉണ്ടാക്കിയതെന്ന് വരന്റെ വീട്ടുകാർ പറയുന്നു. സംഘർഷം ഉണ്ടാക്കിയവർക്കെതിരെയും കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയവർക്കെതിരെയും കേസെടുക്കുമെന്ന് കൊട്ടിയം എസ്.ഐ വി.പി.പ്രവീൺ പറഞ്ഞു.