
ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ മുന്നിൽ കൊല്ലം
കൊല്ലം: ജില്ലയിൽ വീണ്ടും ആശങ്ക ഉയർത്തി കൊവിഡ് പെരുകുന്നു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ജില്ലയിലാണ്. കൊവിഡ് വ്യാപനം ഉയർന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും ജില്ലയിൽ രോഗം നിയന്ത്രണ വിധേയമാകുന്നില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് സൂചിപ്പിക്കുന്നത്.
ഇടയ്ക്ക് രോഗവ്യാപനം കുറഞ്ഞതോടെ അടച്ച ഫസ്റ്റ്, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ വീണ്ടും തുറക്കേണ്ട സ്ഥിതിയാണ്. കൊവിഡ് സെന്ററുകളായ പാരിപ്പള്ളി മെഡിക്കൽ കോളേജിലെയും ജില്ലാ ആശുപത്രിയിലെയും കൊവിഡ് വാർഡുകളും വീണ്ടും നിറയുകയാണ്. ജില്ലാ ആശുപത്രി കൊവിഡ് സെന്ററായതോടെ നിറുത്തിവച്ച ഒ.പി അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ പുനരാരംഭിക്കാനുള്ള ആലോചനകൾ തുടങ്ങിയപ്പോഴാണ് രോഗവ്യാപനം വർദ്ധിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ രോഗവ്യാപനം വർദ്ധിപ്പിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. പക്ഷെ കാര്യമായ വർദ്ധനവ് ഉണ്ടായില്ല. ജനുവരി പകുതി മുതലാണ് രോഗവ്യാപനം കുതിച്ചുയർന്ന് തുടങ്ങിയത്.
ഒരു ദിവസത്തെ ഉയർന്ന കണക്ക് 1,107
ജില്ലയിൽ ഒരു ദിവസം സ്ഥിരീകരിച്ച ഏറ്റവും ഉയർന്ന കൊവിഡ് രോഗികളുടെ എണ്ണം 1,107 ആണ്. കഴിഞ്ഞ വർഷം ഒക്ടോബർ 10നായിരുന്നു അത്. ആ ദിവസത്തിന് ശേഷം ഇതുവരെ രോഗികളുടെ എണ്ണം ആയിരം കടന്നിട്ടില്ല.
ചങ്ങല മുറിയാതെ സമ്പർക്കം
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 813 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. നാലുപേർ വിദേശത്ത് നിന്നും മൂന്നുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. നാലുപേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. 552 പേർ ഇന്നലെ രോഗമുക്തരായി.
ആകെ കൊവിഡ് ബാധിച്ചത്: 78,951
നിലവിൽ ചികിത്സയിലുള്ളവർ: 5,986
രോഗമുക്തർ: 72,672
മരണം: 293