
കൊല്ലം: ടിക്കറ്റിലെ അക്കങ്ങൾ തിരുത്തി ഷാജി അമീർഖാൻ തട്ടിപ്പിനിരയാക്കിയത് നൂറുകണക്കിന് പാവപ്പെട്ട ലോട്ടറി വിൽപ്പനക്കാരെ. എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ സ്റ്റേഷനുകളിൽ സമാനകേസുകളിലേക്ക് കസ്റ്റഡി ആവശ്യപ്പെടുകയാണ്. പുത്തൂർ പവിത്രേശ്വരം മാറനാട് എൽ.പി സ്കൂളിന് സമീപത്തെ ലോട്ടറി വിൽപ്പനക്കാരനായ കിഴക്കേ മാറനാട് മലയിൽഭാഗം രതീഷ് വിലാസത്തിൽ രതീഷ് കുമാറിന്റെ പക്കൽ നിന്നും സ്കൂട്ടറിലെത്തിയ ആൾ സ്ത്രീ ശക്തി ലോട്ടറിടിക്കറ്റിന്റെ അവസാന അക്കമായ എട്ട് തിരുത്തി മൂന്നാക്കി ആയിരംരൂപ കൈക്കലാക്കിയിരുന്നു. നാനൂറ് രൂപയ്ക്ക് പുതിയ ടിക്കറ്റും ബാക്കി തുക പണമായും വാങ്ങിയാണ് അന്ന് തട്ടിപ്പുകാരൻ മുങ്ങിയത്. സമ്മാനാർഹമായ ടിക്കറ്റെന്ന് ധരിച്ച് മൊത്ത വിൽപ്പനക്കാരനെ കാണിച്ചപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യമായത്. താൻ കബളിപ്പിക്കപ്പെട്ടതാണെന്നറിഞ്ഞതോടെ സങ്കടത്തോടെയാണ് രതീഷ്‌കുമാർ എഴുകോൺ പൊലീസിന് പരാതി നൽകിയത്. ആയിരം രൂപയുടെ തട്ടിപ്പാണെങ്കിലും ജില്ലയിൽ പലയിടത്തും സമാന തട്ടിപ്പ് നടന്ന വാർത്ത പരന്നതിനാൽ പൊലീസ് ഗൗരവത്തിലെടുത്തു. എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പുനലൂർ വെഞ്ചേമ്പ് സ്വദേശിയായ ഷാജി അമീർഖാനിലേക്ക് (51) അന്വേഷണമെത്തിയത്. കൊല്ലം കരിക്കോട് റോസ് നഗർ-39ൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ തട്ടിപ്പിന്റെ ചുരുളുകൾ അഴിഞ്ഞു.
തട്ടിപ്പ് വ്യാപകം, ആഢംബര ജീവിതം
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയാണ് ഷാജി തട്ടിപ്പിന് തുടക്കമിട്ടുതുടങ്ങിയത്. പുനലൂരിലെ ധനകാര്യ സ്ഥാപനത്തിലാണ് ആദ്യം പണയംവച്ച് പണം തട്ടിയത്. പിന്നെ ജില്ലയിലെ പല സ്വകാര്യ ബാങ്കുകളിലും മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തി. രണ്ടുതവണ പിടിക്കപ്പെടുകയും ചെയ്തു. മൂന്ന് വർഷമായിട്ടാണ് ലോട്ടറി ടിക്കറ്റിന്റെ തട്ടിപ്പിന് തുടക്കമിട്ടത്. ടിക്കറ്റിലെ നമ്പർ തിരുത്താൻ പ്രത്യേക വൈദഗ്ദ്ധ്യമുണ്ട് ഷാജിക്ക്. സമ്മാനമടിച്ച ടിക്കറ്റിന്റെ നമ്പർ മനസിലാക്കി കൈവശമുള്ള ടിക്കറ്റിൽ തിരുത്തൽ വരുത്തും. ഒരു പട്ടികയിലെ മുഴുവൻ ടിക്കറ്റും എടുക്കുന്നതാണ് ഷാജിയുടെ രീതി. സമ്മാനം അടിച്ച ടിക്കറ്റിന്റെ നമ്പരുമായി ഒത്തുനോക്കിയശേഷം ഒരേ ശ്രേണിയിലെ എല്ലാ ടിക്കറ്റിലും തിരുത്തൽ വരുത്തി പണം തട്ടിയെടുക്കും. കാഴ്ചക്കുറവുള്ള ലോട്ടറി വിൽപ്പനക്കാരെയാണ് കൂടുതലും തട്ടിപ്പിന് ഇരയാക്കുന്നത്. റോഡരികെ ചെറുകിട വിൽപ്പനക്കാരിൽ മിക്കവരെയും കളിപ്പിച്ചിട്ടുണ്ട്. പണം തട്ടിയെടുത്താൽ ആഡംബര ജീവിതത്തിനാണ് ഷാജി ഉപയോഗിക്കുക. പലയിടങ്ങളിലും വാടക വീടുകളിലായി ഇയാൾക്ക് ഭാര്യമാരുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാന്യമായ വേഷവും പെരുമാറ്റവുമായതിനാൽ മറ്റുള്ളവർക്ക് സംശയവുമില്ല.
പരാതിപ്പെട്ടാലും ഫലമുണ്ടായിരുന്നില്ല
ആയിരംമുതൽ ഇരുപതിനായിരംരൂപ വരെ നഷ്ടപ്പെട്ട ലോട്ടറി വിൽപ്പനക്കാരുണ്ട്. അടുത്തുകൂടി സാധാരണ വർത്തമാനം പറഞ്ഞ് വിൽപ്പനക്കാരനെ കൈയിലെടുത്താണ് തട്ടിപ്പ് നടത്തുക. പണം വാങ്ങുകയും പുതിയ ടിക്കറ്റെടുക്കുകയും ചെയ്യുമെന്നതിനാൽ വിൽപ്പനക്കാരും സന്തോഷത്തിലാകും. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലാക്കുക. പൊലീസിൽ പരാതി നൽകാറുണ്ടെങ്കിലും അതിന് ഗൗരവം കിട്ടാറില്ല. പൊലീസ് അന്വേഷണം പോലും നടക്കാറില്ലെന്നാണ് ആക്ഷേപം. എന്നാൽ എഴുകോൺ പൊലീസ് പരാതി കിട്ടിയതോടെ കാര്യമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടി. അപ്പോഴാണ് മറ്റ് സ്റ്റേഷനുകളിലും സമാന പരാതികൾ ഏറെയുണ്ടെന്ന വിവരം പുറത്തുവന്നത്. കൊല്ലം ജില്ലയാണ് പ്രധാന കേന്ദ്രമെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവുകൾ ശേഖരിക്കുന്നതോടെ ഒട്ടുമിക്ക കേസുകളും തെളിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.