
തിരുവനന്തപുരം: കാക്കിയുടെ ബലത്തിൽ എന്തുമാകാമെന്ന നിലയിലാണ് തലസ്ഥാനത്ത് പൊലീസ് സേന. ഉന്നത ഉദ്യോഗസ്ഥർ മുതൽ സിവിൽ പൊലീസ് ഓഫീസർമാർവരെയുള്ളവരിൽ ഒരുവിഭാഗമാണ് ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തുള്ള കള്ളക്കച്ചവടങ്ങൾക്ക് പിന്നിൽ. കൂട്ടുകച്ചവടങ്ങൾക്കും കള്ളത്തരങ്ങൾക്കും ഇവരിൽ പലർക്കുമെതിരെ പലവിധ പരാതികളും ഉന്നതർ മുമ്പാകെ പലപ്പോഴും ലഭ്യമായിട്ടുണ്ടെങ്കിലും അവരിൽ ചിലർക്ക് കൂടി പങ്കുള്ള ബിസിനസുകളായതിനാൽ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. കന്റീൻ അഴിമതി, ഇ.ബീറ്റ് തുടങ്ങി കോടികളുടെ കള്ളക്കച്ചവടങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ പലരുമുൾപ്പെട്ടിരിക്കെ കീഴുദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളോ പരാതികളോ അന്വേഷിക്കാനുള്ള ധാർമ്മികത ആർക്കുണ്ട്. പലപ്പോഴും പരസ്പരസഹായ സംഘങ്ങളായാണ് ഇവർ പ്രവർത്തിക്കുന്നത്. ഒരാളുടെ അഴിമതി ഒതുക്കിയാൽ മറ്റേയാളുടെ അഴിമതിയിൽ കണ്ണടയ്ക്കും.
കാക്കിമുതൽ കണ്ണിൽ
കാണുന്നതെന്തും കച്ചവടം
ഭരണസിരാകേന്ദ്രമായ തലസ്ഥാന നഗരിയിൽ സെക്രട്ടറിയേറ്റിന്റെയും പൊലീസ് ആസ്ഥാനത്തിന്റെയും മൂക്കിന് കീഴിലാണ് സംസ്ഥാന പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ ബിനാമിയെയും നഗരത്തിലെ ഒരു ഡിവൈ.എസ്.പിയെയും കൂട്ടുപിടിച്ച് യൂണിഫോം കച്ചവടത്തിനിറങ്ങിയത്. യൂണിഫോമിനാവശ്യമായ തുണിത്തരങ്ങൾ, ഷൂസ്, സോക്സ്, മറ്റ് ആഡംബര വസ്തുക്കൾ തുടങ്ങിയ സാധനങ്ങളായിരുന്നു ഇവിടെ വിൽപ്പനയ്ക്കുണ്ടായിരുന്നത്. തലസ്ഥാന ജില്ലയിലും പുറത്തുമുള്ള പൊലീസുകാരും അവരുടെ കുടുംബങ്ങളുമായിരുന്നു ഇവിടെ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നവരിൽ അധികവും. സംസ്ഥാന പൊലീസ് മേധാവിയുൾപ്പെടെ ഉന്നത ഐ.പി.എസ് ഓഫീസർമാർക്കും അയൽ ജില്ലകളിലെ പൊലീസ് ഓഫീസർമാർക്കിടയിലും സ്ഥാപനം പേരെടുത്തതോടെ കച്ചവടം പൊടിപൊടിച്ചു.
ലാഭത്തെ ചൊല്ലി തർക്കം,
ഒത്തുതീർപ്പാക്കിയത് വക്കീൽ
കച്ചവടം ഉഷാറായപ്പോൾ സ്ഥാപനം നോക്കി നടത്താനായി ഒരു യുവതിയുൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. ജീവനക്കാരിയായി യുവതി എത്തിയതും സ്ഥാപനത്തിൽ പ്രശ്നങ്ങൾ തുടങ്ങി. വിറ്റുവരവിനെയും ലാഭത്തെയും ചൊല്ലി ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമിയും ഡിവൈ.എസ്.പിയും തമ്മിൽ തർക്കമായി. ഇരുവരും തമ്മിൽ വാക്കേറ്റവും പ്രശ്നങ്ങളും രൂക്ഷമായി. സാമ്പത്തിക ഇടപാടുകൾ തീർപ്പാക്കി സ്ഥാപനത്തിൽ നിന്നൊഴിയാൻ ഉന്നതൻ നിർദ്ദേശിച്ചെങ്കിലും കിട്ടിയകാശുംവാങ്ങി കച്ചവടത്തിൽ നിന്ന് പിൻമാറാൻ ഡിവൈ.എസ്.പി കൂട്ടാക്കിയില്ല. കേസ് കൊടുക്കുമെന്ന നിലയിലായി. ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ അടുത്താണ് കേസിനായി എത്തിയത്. തുടർന്ന് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ഏമാന്റെ ബിനാമിയ്ക്കൊപ്പമുള്ള കച്ചവടത്തിൽ നിന്ന് പിൻമാറിയെങ്കിലും ഡിവൈ.എസ്.പിയും വെറുതെയിരുന്നില്ല. തന്റെ ഭാര്യയുടെ പേരിൽ നഗരത്തിൽ തന്നെ സ്വന്തം നിലയ്ക്ക് യൂണിഫോമുൾപ്പെടെയുള്ള സാധനങ്ങളുടെ തന്നെ വ്യാപാരസ്ഥാപനം ഡിവൈ.എസ്.പിയും തുടങ്ങി. പൊലീസ് ആസ്ഥാനത്തെ വലിയ രണ്ട് ഏമാൻമാരും സിറ്റിയിലെ ഡിവൈ.എസ് പിയായ കൊച്ചേമാനും മത്സരിച്ച് കച്ചവടത്തിനിറങ്ങിയെങ്കിലും വലിയ ഏമാൻമാരുടെ പിൻബലമുള്ള സ്ഥാപനത്തിനാണ് ചാകരക്കോള്.
റിയൽ എസ്റ്റേറ്റും പവർടൂൾ വ്യാപാരവും
റെന്റ് എ കാർ ബിസിനസും വേറെ
റാങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെക്കാൾ ഒട്ടും പിന്നലല്ല കൂട്ടുകച്ചവടങ്ങളിലും മറ്റ് ഇടപാടുകളിലും റാങ്കിൽ താഴെയുള്ള ഏമാൻമാരും. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ജോലിനോക്കുന്ന പൊലീസുകാരിൽ ചിലർക്ക് ജോലിയേക്കാൾ കൂറ് ഇത്തരം അനധികൃത ഇടപാടുകളോടാണ്. മയക്കുമരുന്ന് മാഫിയ, റിയൽ എസ്റ്റേറ്റ് മാഫിയ, റെന്റ് എ കാർ, പവർ ടൂൾ ഇടപാടുകൾ, പലിശയ്ക്ക് പണം നൽകൽ തുടങ്ങി കരിക്ക് വില്പന വരെയുള്ള കാര്യങ്ങളിലാണ് ഏമാൻമാരിൽ ചിലർക്ക് താൽപ്പര്യം. ലക്ഷങ്ങളുടെ കിമ്പളമാണ് ചില കണ്ണടയ്ക്കലുകളിലൂടെയും വാഹനങ്ങൾ കടത്തിവിടുന്നതിലൂടെയും കൈയിലെത്തുന്നത്. അധികാര ദുർവ്വിനിയോഗത്തിലൂടെ കുറ്റക്കാരെ രക്ഷിക്കുന്നതിനൊപ്പം മാഫിയയുമായി ബന്ധമുള്ളവർ ആവശ്യപ്പെട്ടാൽ നിരപരാധികൾക്കെതിരെ കള്ളക്കേസെടുക്കാനും കാപ്പ വരെ ചുമത്താനുള്ള വഴിയൊരുക്കാനും ഇവർക്ക് യാതൊരു മടിയുമില്ല. ഇതിനായി കോടതിയിലേക്ക് നൽകാൻ 'പ്രത്യേക റിപ്പോർട്ടുകൾ' തയ്യാറാക്കാൻ ഒരു എസ്.പി അതിവിദഗ്ദ്ധനാണ്. അതിനുള്ള തന്ത്രങ്ങൾ മാത്രമല്ല കോടതിയിലെത്തി കാര്യങ്ങൾ 'വെടിപ്പായി' നിർവ്വഹിക്കാനും ഇവർക്കറിയാം.
നട്ടം തിരിയുന്നത്
സത്യസന്ധരായ ഉദ്യോഗസ്ഥർ
പൊലീസിലെ മേൽത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ബിനാമി ഇടപാടുകളും കൂട്ടുകച്ചവടങ്ങളും പൊലീസ് സേനയിൽ അങ്ങാടിപ്പാട്ടാണ്. ജോലി ചെയ്താൽ ഒരുമാസം ലഭിക്കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടി ഇത്തരം ഇടപാടുകളിലൂടെ ലഭിക്കുമെന്നതിനാൽ എങ്ങനെയും പണമുണ്ടാക്കാൻ പൂതിയുള്ളവരെല്ലാം ഇത്തരം ഇടപാടുകളിലാണ് ശ്രദ്ധിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസിലായിരുന്നു പലരും തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നതെങ്കിലും നോട്ട് നിരോധനത്തോടെ വസ്തു ഇടപാടുകൾ എറെക്കുറെ നിലച്ച മട്ടാണ്. റിയൽ എസ്റ്റേറ്റ് വ്യാപാരം തകൃതിയായിരുന്ന സമയത്താണ് ഭൂമാഫിയയിൽ നിന്നും മറ്റും പ്രതിഫലമായി കൂടത്തിൽ തറവാടുവക ഉൾപ്പെടെ കണ്ണായ സ്ഥലങ്ങൾ പലതും നഗരത്തിൽ ക്രമസമാധാന പാലനത്തിന് നേതൃത്വം നൽകിയവരുടെയും മറ്റും കൈയിൽവന്നത്. ഇപ്പോൾ സിന്തറ്റിക് മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയുടെ വ്യാപാരരംംത്ത് ഉണ്ടായിരിക്കുന്ന ഉണർവ്വ് ചിലർക്ക് സന്തോഷം നൽകുന്നതായും പറയപ്പെടുന്നു. ഇതിനിടയിൽ പെട്ട് നട്ടം തിരിയുന്നത് സത്യസന്ധരായ ഉദ്യോഗസ്ഥരാണ്. ഇവരെ ഒറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത്.
അന്വേഷിക്കാനോ
നടപടിയെടുക്കാനോ ധൈര്യമില്ല
റിയൽ എസ്റ്റേറ്റ് ബിസിനസ് നിലച്ചതോടെ ചിലർ മയക്കുമരുന്ന് മാഫിയയുടെ അടുപ്പക്കാരായതായും അറിവുണ്ട്. റെന്റ് എ കാറിലേക്ക് തിരിഞ്ഞെങ്കിലും കൊവിഡും ലോക്ക് ഡൗണും ആയപ്പോൾ റെന്റ് എ കാർ ഇടപാടിലും ഇടിവ് വന്നു. നിർമ്മാണ മേഖലയിൽ മുതൽ മുടക്കിയാൽ ലാഭം കൊയ്യാമെന്ന് കരുതിയാണ് ചിലർ അതിലേക്ക് തിരിഞ്ഞത്. പവർ ടൂളുകൾ വാങ്ങി വാടകയ്ക്ക് നൽകുന്ന പരിപാടിയാണ് പലരും തുടങ്ങിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിലായി നിരവധി സ്ഥാപനങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. പൊലീസിൽ നിന്ന് റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരുടെ പക്കൽ നിന്ന് പണം പലിശയ്ക്ക് വാങ്ങി മാസം തോറും പലിശയിൽ നിന്ന് വൻതോതിൽ കമ്മിഷൻ പറ്റുന്ന സംഘങ്ങളാണ് മറ്റൊരുകൂട്ടർ. ഇക്കാര്യങ്ങൾ സേനയ്ക്കകത്തും പുറത്തും അങ്ങാടിപ്പാട്ടാണെങ്കിലും ഇതേപ്പറ്റി അന്വേഷിക്കാനോ നടപടിയെടുക്കാനോ സംസ്ഥാന പൊലീസ് സേനയിൽ ആർക്കും ധൈര്യമില്ല എന്നതാണ് വാസ്തവം.