കരുനാഗപ്പള്ളി: താലൂക്ക് ഹോമിയോ ആശുപത്രിയിൽ എത്തിപ്പെടാൻ കഴിയാതെ രോഗികൾ വലയുന്നു. കൊവിഡിനെ തുടർന്ന് കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ ഇതുവഴിയുള്ള സർവീസ് നിറുത്തി വെച്ചതും തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളുമാണ് രോഗികളെ ബുദ്ധിമുട്ടിക്കുന്നത്. കരുനാഗപ്പള്ളി ടൗണിൽ നിന്ന് 3.50 കിലോമീറ്റർ ദൂരെ നഗരസഭയുടെ പരിധിയിൽ വരുന്ന 3-ം ഡിവിഷനിൽ കാഞ്ഞിരവേലി ക്ഷേത്രത്തിന് സമീപത്താണ് ആശുപത്രി.
തകർന്ന റോഡുകൾ
ആശുപത്രിയുടെ സമീപത്ത്കൂടി കടന്ന് പോകുന്ന റോഡുകൾ എല്ലാം തന്നെ തകർന്ന് കിടക്കുകയാണ്. ഓട്ടോറിക്ഷകൾ പോലും ഇതു വഴി വരാൻ മടിക്കുന്നു. പ്രായമായ രോഗികളിൽ പലരും വീട്ടുകാരുടെ ബൈക്കിന് പിന്നിലിരുന്നാണ് ആശുപത്രിയിൽ എത്തുന്നത്. മരുത്തൂർക്കുളങ്ങര ഐക്കര മുക്കിൽ നിന്നും ആരംഭിക്കുന്ന ഗ്രാമീണ റോഡും പുലിപ്പറ മുക്കിൽ നിന്നും വരുന്ന റോഡും ആശുപത്രിയുടെ സമീപത്തുകൂടിയുള്ളതാണ്. എന്നാൽ ഈ രണ്ട് റോഡുകളും തകർന്ന് കിടക്കുകയാണ്. മരുത്തൂർക്കുളങ്ങര മുസ്ലീം പള്ളിയുടെ മുന്നിൽ നിന്ന് ആരംഭിച്ച് മൂന്നാംമൂട്ടിൽ അവസാനിക്കുന്ന പ്രധാന റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കുത്തിപ്പൊളിച്ച് മെറ്റൽ വിരിച്ചിട്ട് മാസം മൂന്ന് കഴിഞ്ഞു. നാളിതുവരേയും ടാർ ചെയ്തിട്ടില്ല. മെറ്റൽ പൂർണമായും ഇളകി കിടക്കുന്നതിനാൽ കാൽനട യാത്ര പോലും ദുഷ്ക്കരമാണ്.
50 ൽ താഴെ രോഗികൾ
മൂന്നാം മൂട്ടിൽ ബസ് ഇറങ്ങിയാണ് രോഗികൾ ആശുപത്രിയിൽ എത്തിക്കൊണ്ടിരുന്നത്. തുറയിൽകുന്ന്, ആദിനാട്, പുതിയകാവ്, പണിക്കർ കടവ്, തഴവാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി രോഗികൾ ദിവസവും ചികിത്സക്കായി എത്തിയിരുന്നു. കൊവിഡ് വ്യാപകമാകുന്നതിന് മുമ്പ് ദിവസവും നൂറോളം രോഗികൾ എത്തിയിരുന്നിടത്ത് ഇപ്പോൾ 50 ൽ താഴെ രോഗികൾ മാത്രമാണ് എത്തുന്നത്. യാത്രാ സൗകര്യത്തിന്റെ പരിമിതിയാണ് രോഗികളുടെ വരവ് കുറയാൻ കാരണം.