kallumthazham-junction
കല്ലുംതാഴം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്

 പ്രധാനപാതകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കൊല്ലം: നഗരത്തിൽ നിന്ന് ബൈപ്പാസിലേക്ക് എത്തിച്ചേരുന്ന പ്രധാന റോഡുകളിൽ തലവേദനയായി മാറിയ ഗതാഗതക്കുരുക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും ശാപമോക്ഷമില്ല. ഗതാഗതക്കുരുക്ക് അതിരൂക്ഷമായ കടവൂർ ജംഗ്‌ഷൻ, കല്ലുംതാഴം, അയത്തിൽ എന്നിവിടങ്ങളിൽ നിന്ന് നഗരത്തിലേക്കുള്ള റോഡുകൾ വീതികൂട്ടി വികസിപ്പിക്കണമെന്ന ആവശ്യത്തിന് നേർക്ക് കണ്ണടയ്ക്കുകയാണ് അധികൃതർ.

നേരത്തെ തന്നെ തിരക്കുണ്ടായിരുന്ന ഈ റോഡുകളിൽ, ബൈപ്പാസ് നിർമ്മാണം പൂർത്തിയായതോടെ വാഹനങ്ങളുടെ ഒഴുക്ക് വീണ്ടും വർദ്ധിക്കുകയായിരുന്നു. ബൈപ്പാസ് ആറുവരിയായി വികസിപ്പിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ഇതുകൂടി യാഥാർത്ഥ്യമാകുന്നതോടെ ഈ റോഡുകളിലെ തിരക്ക് ഇനിയും രൂക്ഷമാകുമെന്നതിൽ സംശയമില്ല. ആശ്രാമം മുനീശ്വരൻ കോവിൽ - കപ്പലണ്ടിമുക്ക് റോഡ് വികസിപ്പിച്ച മാതൃകയിൽ ഈ റോഡുകളും വികസിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നഗരത്തിന്റെ അടിസ്ഥാന വികസനങ്ങൾക്ക് ആക്കം കൂട്ടാനും ഈ റോഡുകളുടെ വികസനത്തിലൂടെ സാദ്ധ്യമാകും.

 5 കിലോമീറ്റർ ദൂരം, വീതി കേവലം 5 മീറ്റർ

ബൈപ്പാസിൽ നിന്ന് നഗരത്തിലേക്ക് ഈ റോഡുകളിലൂടെ ശരാശരി അഞ്ച് കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. എന്നാൽ വീതി പരമാവധി അഞ്ച് മീറ്റർ മാത്രമാണുള്ളത്. യാത്രാബസുകൾ സ്റ്റോപ്പുകളിൽ നിറുത്തിയാൽ പിന്നാലെ വരുന്ന മാറ്റുവാഹനങ്ങളും നിറുത്തിയിടേണ്ട സ്ഥിതിയാണ്.

 രണ്ട് ദേശീയപാതകൾ

ബൈപ്പാസിൽ നിന്ന് നഗരത്തിലേക്കെത്തുന്ന റോഡുകളിൽ രണ്ടെണ്ണം ദേശീയപാതയാണ്. കടവൂർ വഴി കടന്നുപോകുന്നത് കൊല്ലം - ദിണ്ടിഗൽ (എൻ.എച്ച് 183) പാതയും കല്ലുംതാഴം വഴിയുള്ളത് കൊല്ലം - തിരുമംഗലം (എൻ.എച്ച് 744) ദേശീയപാതയുമാണ്. അയത്തിൽ വഴിയുള്ളത് കൊല്ലം - ആയൂർ പാതയാണ്.

 നഗരസഭാപരിധിയിൽ

ദിണ്ടിഗൽ ദേശീയപാതയിൽ ഹൈസ്‌കൂൾ ജംഗ്‌ഷൻ മുതൽ അഞ്ചാലുംമൂട് പാവൂർ വയൽ വരെയുള്ള ഭാഗവും തിരുമംഗലം പാതയിൽ ചിന്നക്കട മുതൽ കരിക്കോട് വരെയും ആയൂർ റോഡിൽ പുന്തലത്താഴം വരെയും നഗരസഭാ പരിധിയിലാണ്. ഈ ഭാഗങ്ങളിലെ സ്ഥലമേറ്റെടുപ്പും നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ നഗരസഭ മുന്നിട്ടിറങ്ങിയാൽ മാത്രം മതിയാകും.