കൊല്ലം : ലിങ്ക് റോഡിന് കിഴക്കുഭാഗത്ത് നിർമ്മാണം പുരോഗമിക്കുന്ന മഹാകവി കുമാരനാശാൻ പുനർജ്ജനി പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും ഏപ്രിൽ പകുതിയോടെ പൂർത്തിയാകും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ സാദ്ധ്യതയുള്ളതിനാൽ ചടങ്ങുകൾ ഒഴിവാക്കിയായിരിക്കും ഉദ്‌ഘാടനം സംഘടിപ്പിക്കുന്നത്. സ്ഥലത്തെ ജൈവ വൈവിദ്ധ്യങ്ങൾ കൂടി കണക്കിലെടുത്ത് കോൺക്രീറ്റ് ചുറ്റുമതിലുകൾക്ക് പകരം മുളകളും വള്ളിച്ചെടികളും കൊണ്ടുള്ള ജൈവവേലിയായിരിക്കും നിർമ്മിക്കുക. പ്രഭാത, സായാഹ്ന കാൽനട യാത്രക്കാർക്ക് പ്രയോജനകരമാകുന്ന തരത്തിൽ നടപ്പാതയും ഇതിന്റെ ഭാഗമായി നിർമ്മിക്കും. കവികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മയായ കാവ്യകൗമുദിയാണ് പ്രതിമ സ്ഥാപിക്കുന്നത്.
പാർക്കിന്റെ ഘടന ഇങ്ങനെ...
മഹാകവി കുമാരനാശാൻ സ്മാരക പുനർജ്ജനി ഓപ്പൺ എയർ ഓഡിറ്റോറിയം
പരിപാടികൾ ആസ്വദിക്കാനുള്ള ഗാലറി
തറയോടുകൾ പാകിയ നടപ്പാതയും പുൽത്തകിടികളും
മുളയും വള്ളിച്ചെടികളും കൊണ്ടുള്ള ജൈവവേലി
നിരവധി തണൽ മരങ്ങൾ
കുമാരനാശാന്റെ അന്ത്യയാത്രയുടെ സ്മാരകം
മഹാകവി കുമാരനാശാന്റെ അന്ത്യയാത്രയുടെ ആരംഭം കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നായിരുന്നു. 1924 ജനുവരി 16ന് രാത്രി ആലപ്പുഴയിലേക്ക് യാത്രതിരിച്ച റെഡീമർ ബോട്ട് പല്ലനയാറ്റിൽ മുങ്ങിയാണ് ആശാൻ മരിക്കുന്നത്. കുമാരനാശാന്റെ അവസാന പാദസ്പർശമേറ്റ കൊല്ലം ബോട്ട് ജെട്ടിയിൽ സ്മാരകം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പാർക്കിന് തൊട്ടടുത്ത് തന്നെ കുമാരനാശാന്റെ പൂർണകായ പ്രതിമ സ്ഥാപിക്കും.
2 ഏക്കർ സ്ഥലം
3 കോടി രൂപ ചെലവ്
ലിങ്ക് റോഡ് നിർമ്മാണത്തിന് ശേഷം പുറമ്പോക്ക് ഭൂമിയായി മാറിയ രണ്ട് ഏക്കർ സ്ഥലത്താണ് പാർക്ക് നിർമ്മാണം പുരോഗമിക്കുന്നത്. ടൂറിസം വകുപ്പ് 3 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാർക്കിന്റെ നിർമ്മാണച്ചുമതല ഇറിഗേഷൻ വകുപ്പിനാണ്. നിർമ്മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.