 
 അക്കേഷ്യാ മരങ്ങൾ മുറിച്ചുമാറ്രാൻ നിർദ്ദേശം
ചാത്തന്നൂർ: കരഭൂമിയാക്കി മാറ്രാൻ ലക്ഷ്യമിട്ട് പാലവിള പുലിക്കോട് ഏലായിൽ വച്ചുപിടിപ്പിച്ച അക്കേഷ്യാവനം ഉടൻ മുറിച്ചുമാറ്റണമെന്നും നിലംനികത്തൽ നിറുത്തിവയ്ക്കണമെന്നും പഞ്ചായത്ത്, റവന്യൂ അധികൃതർ ഭൂവുടമയോട് നിർദ്ദേശിച്ചു. പുലിക്കോട് ഏലായിൽ വ്യാപകമായ നിലംനികത്തലിനെ സംബന്ധിച്ച് 'കേരളകൗമുദി' കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നാണ് നടപടി.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മീനാട് വില്ലേജ് ഓഫീസർ രാധിക, കൃഷി ഓഫീസർ പ്രമോദ് മാധവ്, പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു എന്നിവരുടെ നേതൃത്വത്തിൽ കൃഷി, റവന്യു വകുപ്പ് ഉദ്യാഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു. കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ അക്കേഷ്യാ മരങ്ങൾ ഉടൻ മുറിച്ചുനീക്കണമെന്ന് കാട്ടി സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു.
 നെൽക്കൃഷിയിലേക്ക് മടങ്ങണം
നിലവിൽ ഇടവിളകൾ കൃഷി ചെയ്യുന്ന കർഷകർക്ക് താത്കാലികമായി അവ തുടരാം. എന്നാൽ കാലക്രമേണ നെൽക്കൃഷിയിലേയ്ക്ക് മടങ്ങണമെന്ന കർശന നിർദ്ദേശം ഇവർക്ക് നൽകിയിട്ടുണ്ട്. കർഷകർ നെൽക്കൃഷിയിൽ തുടരുന്നതിന് സബ്സിഡിയും സാങ്കേതിക സഹായവും ഉറപ്പാക്കും.
പ്രമോദ് മാധവ്, കൃഷി ഓഫീസർ
 ഭൂവുടമ നിശ്ചിത സമയത്തിനുള്ളിൽ മരങ്ങൾ സ്വന്തം ചെലവിൽ മുറിച്ചുനീക്കിയില്ലെങ്കിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിലം പൂർവസ്ഥിതിയിലാക്കും. അതിനുള്ള ചെലവ് സ്ഥലം ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.
ടി. ദിജു, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
 പ്രാദേശിക നിരീക്ഷണ സമിതി ചേരും
ചാത്തന്നൂർ: നിലവിൽ ഇടനാട് ഏലയുടെ കൂട്ടത്തിലുള്ള പുലിക്കോട്ടെ വയലുകൾ തരം മാറ്റി കരഭൂമിയാക്കുന്നത് അവസാനിപ്പിക്കുന്നതിനും കരയാക്കി മാറ്റിയത് പൂർവസ്ഥിതിയിൽ ആക്കുന്നതിനുമായി പ്രാദേശിക നിരീക്ഷണ സമിതി അടിയന്തര യോഗം ചേരും. കൃഷി - റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകർ, പ്രദേശവാസികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയുടെ തീരുമാനം മുഖംനോക്കാതെ നടപ്പാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.