കൊല്ലം: സങ്കര വൈദ്യത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നിരാഹാര സത്യഗ്രഹം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. പി. ടി. സക്കറിയ ഉദ്ഘാടനം ചെയ്തു. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അവസരം നൽകുന്ന കേന്ദ്രസർക്കാർ തീരുമാനം ആരോഗ്യരംഗത്തെ പിന്നോട്ടടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആൽഫ്രഡ് സാമുവൽ, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, കോർപ്പറേഷൻ കൗൺസിലർ അഡ്വ. ജി. ഉദയകുമാർ, കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ്, ഐ.എം.എ വുമൺ വിംഗ് ചെയർപേഴ്സൺ ഡോ. കവിതാ രവി, നഴ്സസ് യൂണിയൻ നേതാവ് ജെഫിൻ, ഫാർമസിസ്റ്റ് അസോസിയേഷൻ നേതാവ് രാധാകൃഷ്ണൻ, ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാർ, ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. എം.എൻ. മേനോൻ, ഡോ. സാമുവൽ കോശി, വിദ്യാർത്ഥി സംഘടനാ നേതാക്കളായ ഗോകുൽ, മേഘ തുടങ്ങിയവർ പങ്കെടുത്തു. ഐ.എം.എ ജില്ലാ ചെയർമാൻ ഡോ. ബിജു നെൽസൺ സ്വാഗതവും ഡോ. സിനി പ്രിയദർശിനി നന്ദിയും പറഞ്ഞു.