 
കൊല്ലം: ഹിന്ദു ആദ്ധ്യാത്മിക ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് ആദ്ധ്യാത്മിക പ്രഭാഷകരുടെ സംഘടനയായ ആർഷ സംസ്കാര ഭാരതി ജില്ലാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആർഷ സംസ്കാര ഭാരതിയുടെ പ്രഥമ ജില്ലാ സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ആചാരകാര്യങ്ങളിൽ തന്ത്രിമാരുടെ നിർദ്ദേശം പാലിക്കണമെന്നും നിർദ്ദേശങ്ങൾ നടപ്പാക്കാൻ ഉപദേശക സമിതികൾക്ക് അനുവാദം നൽകണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ജില്ലാ രക്ഷാധികാരി കെ. ജയചന്ദ്രബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന രക്ഷാധികാരി എസ്. നാരായണസ്വാമി ഭദ്രദീപം കൊളുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കാനാ അഭിലാഷ് സംഘടനയുടെ വികാസത്തെക്കുറിച്ചും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
രാമക്ഷേത്ര നിർമ്മാണ നിധിയിലേക്കുള്ള ആർഷ സംസ്കാര ഭാരതി ജില്ലാ സമിതിയുടെ സംഭാവന എസ്. നാരായണ സ്വാമിയിൽ നിന്ന് താലൂക്കുനിധി പ്രമുഖ് ജി. പ്രസാദ് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് കലയപുരം വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഉപസമിതി ചെയർമാൻമാരായ എസ്. രാധാകൃഷ്ണൻ, മാത്ര സുന്ദരേശൻ, കുടവട്ടൂർ വാമനൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഭിലാഷ് കീഴൂട്ട് സ്വാഗതവും ഖജാൻജി ശ്രീജിത്ത് കൊട്ടാരക്കര നന്ദിയും പറഞ്ഞു.