 
പത്തനാപുരം: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി അയൽവാസിയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. വാഴപ്പാറ വാഴത്തോട്ടം ശ്രീജിത്ത് ഭവനിൽ ശ്രീജിത്തി(28) നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. വാഴപ്പാറ വലിയ തറയിൽ മനോഹരനെയും കുടുംബത്തെയുമാണ് ഇയാൾ മർദ്ദിച്ചത്. വീട്ടിൽ അതിക്രമിച്ചെത്തിയ ശ്രീജിത്ത് സ്ത്രീകളടക്കമുള്ളവരെ ഉപദ്രവിക്കുയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരങ്ങളും നശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റൂറൽ കൺട്രോൾ റൂം എസ്.ഐ. ഗണേഷ് കുമാറിനെയും പ്രതി ആക്രമിച്ചു. മൂന്ന് വർഷം മുമ്പ് വാഴപ്പാറ ഉടയൻചിറ സ്വദേശി റെജിയെ കാരംസ് കളിക്കിടെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീജിത്തെന്ന് പത്തനാപുരം സി.ഐ സുരേഷ് കുമാർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.