
കൊല്ലം : ജില്ലയിലെ കൊവിഡ് വ്യാപനം തടയാൻ 'ബാക്ക് ടു ബേസിക്സ് ' പദ്ധതിയുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാകളക്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ജനപ്രതിനിധികളും വകുപ്പുതല ജില്ലാ ഓഫീസർമാരും പങ്കെടുത്ത യോഗത്തിൽ ക്ളോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പുകൾ പുനസ്ഥാപിക്കുന്നടക്കമുള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്ന നടപടി സ്വീകരിക്കാൻ തീരുമാനമെടുത്തു. യോഗത്തിൽ അതോറിറ്റി അംഗങ്ങൾക്ക് പുറമേ എം.പിമാരായ കെ. സോമപ്രസാദ്, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ എം. മുകേഷ്, ആർ. രാമചന്ദ്രൻ, ഐഷാപോറ്റി എന്നിവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
1. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേർന്ന് കൊവിഡ് വ്യാപനം തടയുന്നതിന് ആദ്യഘട്ടത്തിലുള്ള രീതിയിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കണം.
2. വീടുകളിൽ നിന്ന് വലിയ രീതിയിൽ രോഗപ്പകർച്ച (56%) ഉണ്ടാകുന്നതിനാൽ ക്ലോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പുകൾ നിശ്ചയിച്ച് നിയന്ത്രണം കടുപ്പിക്കണം. പൊലീസും തദ്ദേശ സ്ഥാപനങ്ങളും ഇതിനായി സഹകരിക്കണം. സബ് കളക്ടർ ജില്ലാതല ഏകോപന ചുമതല വഹിക്കും.
3. ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിലും ഗതാഗത ചട്ടമനുസരിച്ചുള്ള യാത്രക്കാരാണ് കയറുന്നതെന്ന് ഉറപ്പുവരുത്തണം.
4.ഗൃഹചികിത്സയ്ക്ക് സൗകര്യമില്ലാത്ത രോഗികളെ പാർപ്പിക്കുന്നതിന് തദ്ദേശ തലത്തിൽ ഡൊമിസിലറി കെയർ സെന്ററുകൾ സ്ഥാപിക്കാൻ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ മുൻകൈയെടുക്കണം.
5.ജില്ലയിലെ ആറ് താലൂക്കുകളിലും ആർ.ഡി.ഒയും ഡെപ്യൂട്ടി കളക്ടർമാരും അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രതിദിനം ഒരുമണിക്കൂറെങ്കിലും സ്‌ക്വാഡ് പ്രവർത്തനം നടത്തണം.
6. ആവശ്യമുള്ളയിടങ്ങളിൽ സെക്ടർ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കേണ്ടി വന്നാൽ ജില്ലാ പൊലീസ് മേധാവിമാർ അറിയിപ്പ് നൽകണം
7.ജില്ലയിലെ മൂന്നിൽ രണ്ട് കേസുകളും റൂറൽ ജില്ലയിലായതിനാൽ കൊവിഡ് നിയന്ത്രണ പൊലീസ് പരിശോധന ശക്തമാക്കണം.
8. പുതുതായി നിയോഗിക്കുന്ന സെക്ടർ മജിസ്‌ട്രേറ്റുമാർ നിശ്ചിത കേസുകൾ ബുക്ക് ചെയ്യണം. അവ ഉറപ്പ് വരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നടപടി സ്വീകരിക്കണം.
9.ജില്ലയിലെ പാർക്കുകളിലും ബീച്ചുകളിലും നടപ്പാക്കിയ നിയന്ത്രണങ്ങൾ കർശനമാക്കണം.