munro
മൺറോത്തുരുത്തിലെ കൊന്നയിൽ, ഈരപ്പുറം ഭാഗത്ത് തളംകെട്ടി നിൽക്കുന്ന ഉപ്പുവെള്ളം

കൊല്ലം: മൺറോത്തുരുത്തുകാർക്ക് വേലിയേറ്റം പുതുമയല്ല, എന്നാലിപ്പോൾ വേലിയേറുന്ന ഉപ്പുവെള്ളം ഇറങ്ങിപ്പോകാതെ മണ്ണിനെയും ഇവിടുത്തെ ജീവിതങ്ങളെയും വിഴങ്ങുകയാണ്. നെന്മേനി തെക്ക് വാർഡിൽ കല്ലുവിള - പട്ടം തുരുത്ത് റോഡിന് സമീപത്തെ കൊന്നയിൽ, ഈരപ്പുറം ഭാഗത്താണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ഉപ്പുവെള്ളം തളംകെട്ടി നിൽക്കുകയാണ്.

ഉപ്പുവെള്ളം കയറി ഇവിടുത്തെ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞു. അതുകൊണ്ട് തന്നെ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാനാകുന്നില്ല. വെള്ളം കെട്ടിനിന്ന് വീടുകളും തകർച്ചാ ഭീഷണിയിലാണ്. ഭിത്തികളിലെ സിമന്റ് പാളികൾ പൊളിഞ്ഞുതുടങ്ങി. വാഴയും പച്ചക്കറികളും മത്സ്യകൃഷിയുമെല്ലാം നശിച്ചു. തെങ്ങുകളും കടപുഴകി തുടങ്ങി.

കൊതുകും ഈച്ചയും മറ്റ് പ്രാണികളും പെരുകി പ്രദേശമൊന്നാകെ പകർച്ചാവ്യാധി ഭീഷണിയിലാണ്. സാധാരണ വൈകിട്ട് വേലിയേറ്റ സമയത്ത് കയറുന്ന വെള്ളം പുലർച്ചെ ഇറങ്ങുന്നതാണ്. എന്നാൽ കായലിലേയ്ക്ക് വെള്ളം ഒഴുകിക്കൊണ്ടിരുന്ന പ്രദേശത്തെ തോട് അടച്ചതാണ് ഇപ്പോഴത്തെ പ്രശ്നം. തോട് പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്ത്, വില്ലേജ്, ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

''

വേലിയിറക്ക സമയത്ത് വെള്ളമിറങ്ങി പോകേണ്ട തോട് അടച്ചതാണ് ഇപ്പോഴത്തെ പ്രശ്നം. സമീപകാലത്തെങ്ങും ഇത്രയും ദിവസം വെള്ളം കെട്ടി നിന്നിട്ടില്ല. പഞ്ചായത്ത്, വില്ലേജ്, ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചതല്ലാതെ നടപടി സ്വീകരിച്ചില്ല.

സുനിൽ കുമാർ

നെന്മേനി തെക്ക്