കൊല്ലം: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പ്രകൃതി സംരക്ഷണ പ്രോജക്ടുകൾക്ക് പ്രാധാന്യം നൽകുമെന്ന് പ്രസിഡന്റ് സാം.കെ.ഡാനിയേൽ. ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട സംയുക്ത വർക്കിംഗ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ആറുകൾ, തോടുകൾ, കുളങ്ങൾ, നീരുറവകൾ തുടങ്ങിയവ സംരക്ഷിക്കുന്നതിനുള്ള പ്രോജക്ടുകൾ അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കുര്യോട്ടുമല, കോട്ടുക്കൽ ഫാമുകൾ കേന്ദ്രീകരിച്ച് ഫാം ടൂറിസത്തിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഫുട്‌ബാൾ, ക്രിക്കറ്റ്, വോളിബാൾ, ഹോക്കി ഇനങ്ങളിൽ ജില്ലാ ടീമുകളെ രൂപീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് സുമാലാൽ അദ്ധ്യക്ഷയായി. വാർഷിക പദ്ധതിയുടെ പ്രവർത്തന കലണ്ടർ സെക്രട്ടറി കെ. പ്രസാദ് അവതരിപ്പിച്ചു. ജില്ലാ പദ്ധതിയും വികസന കാഴ്ചപ്പാടും എന്ന വിഷയത്തിൽ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം എം.വിശ്വനാഥൻ സംസാരിച്ചു. 14-ാം പഞ്ചവത്സര പദ്ധതിയുടെ കാഴ്ച്ചപ്പാട് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എസ്.ജമാൽ അവതരിപ്പിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജെ. നജീബത്ത് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോ.പി.കെ.ഗോപൻ, അഡ്വ.അനിൽ.എസ്. കല്ലേലി ഭാഗം, വസന്താ രമേശ്, കിലാ ഫാക്കൽ റ്റി പ്രേം ലാൽ, ജില്ലാ പഞ്ചായത്തംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.