ss-samthi
മയ്യനാട് എസ്.എസ്.സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറും സഹപ്രവർത്തകരും ബാലറാമിനെ സ്വദേശത്തേക്ക് യാത്രയാക്കുന്നു

കൊല്ലം: മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ ബാലറാം മകൻ സഞ്ജയ് രാജ്പുട്ടിനൊപ്പം സ്വദേശത്തേയ്ക്ക് യാത്രയായി. കഴിഞ്ഞ ആഗസ്റ്റ് 15ന് മയ്യനാട് ഗ്രാമപഞ്ചായത്ത് അധികൃതരാണ് ഇദ്ദേഹത്തെ എസ്.എസ് സമിതിയിൽ എത്തിച്ചത്.

കൊവിഡ് വ്യാപനം തടയുന്നതിന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അലഞ്ഞുനടക്കുന്നവരെ സംരക്ഷിക്കുന്നതിന് പുല്ലിച്ചിറയിൽ നടത്തിയിരുന്ന ക്യാമ്പ് അവസാനിച്ചതോടെയാണ് ഇദ്ദേഹം ഉൾപ്പെടെ അഞ്ചുപേരെ എസ്.എസ് സമിതി ഏറ്റെടുത്തത്.

പലപ്പോഴും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് മികച്ച ചികിത്സയും കൗൺസലിംഗും നൽകിയിരുന്നു. തുടർന്നാണ് ബന്ധുക്കളുടെ വിവരം ലഭിച്ചത്. ഇൻഡോറിൽ കുടുംബമായി താമസിച്ചിരുന്ന ബാലറാം ധാന്യ ഫാക്ടറി തൊഴിലാളിയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. മകൻ പ്ലാസ്റ്റിക് കമ്പനി ജീവനക്കാരനാണ്.

ജന്മനാടായ വിദിശയിലേയ്ക്ക് പോകാനിറങ്ങിയ ബാലറാം ട്രെയിൻമാറി കയറി കേരളത്തിൽ എത്തിയതാകാമെന്ന് മകൻ പറഞ്ഞു. മാനസിക അസ്വാസ്ഥ്യമുള്ള ഇദ്ദേഹത്തെ വീട്ടുകാർ അന്വേഷിച്ച് വരുന്നതിനിടയിലാണ് എസ്.എസ് സമിതിയിലെയും ആസ്പയറിംഗ് ലൈവ്‌സിലെയും വോളണ്ടിയർമാർ മകനുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറിയത്. എസ്.എസ് സമിതിയിലെ അഞ്ചുമാസത്തെ താമസത്തിനൊടുവിൽ എല്ലാവരോടും നന്ദി പറഞ്ഞാണ് അദ്ദേഹം സ്വദേശത്തേക്ക് യാത്രയായതെന്ന് മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ പറഞ്ഞു.