പുനലൂർ:പഞ്ച നക്ഷത്ര ഹോട്ടലിനെ വെല്ലുന്ന തരത്തിൽ 92 കോടിയോളം രൂപ ചെലവഴിച്ച് പുനലൂർ ഗവ.താലൂക്ക് ആശുപത്രിക്ക് വേണ്ടി പത്ത് നിലയിൽ പണി പൂർത്തിയാക്കിയ ഹൈടെക് കെട്ടിട സമുച്ചയം ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി നാടിന് സമർപ്പിക്കും.മന്ത്രി കെ.കെ.ശൈലജ സമർപ്പണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ തോമസ് ഐസക്, കെ.രാജു,എം.പി.മാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സോമപ്രസാദ്, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വസന്ത രഞ്ചൻ, ഡി.ദിനേശൻ, പി.എ.അനസ്,പുഷ്പലത, കെ.കനകമ്മ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ തുടങ്ങി ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സമർപ്പണ സമ്മേളനത്തിൽ സംസാരിക്കും.

അത്ഭുത കാഴ്ചകൾ

ഹൈടെക് കെട്ടിട സമുച്ചയം നാടിന് സമർപ്പിക്കുന്നതോടെ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കിഴക്കൻ മലയോര മേഖലയിലെ ആദിവാസികൾ അടക്കമുളള ജനങ്ങളുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് സഫലമാകുന്നത്.കി‌ഫ്ബിയിൽ നിന്ന് അനുവദിച്ച 68കോടി രൂപക്ക് പുറമെ സ്ഥലം എം.എൽ.എയായ മന്ത്രി കെ..രാജു, എൻ.കെ.പ്രേമചന്ദ്രൻ എം.പി എന്നിവരുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക കൂടി ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.പ്രവേശന കവാടും മുതൽ അത്ഭുത കാഴ്ചയാണ് കെട്ടിടങ്ങളിലെ ചുവരുകളിലും മറ്റും ഒരുക്കിയിരിക്കുന്നത്. റിമോട്ടിൽ പ്രവർത്തിക്കുന്ന രണ്ട് വാതിലുകളിലൂടെ കടന്ന് ചെല്ലുമ്പോൾ രണ്ട് ആനകൾക്കൊപ്പം മഹാത്മാ ഗാന്ധിയുടെ പ്രതിമയും ചുവരിൽ തൂക്ക് പാലത്തിന്റെ സ്മരണ ഉണർത്തുന്ന റിസപ്ഷൻ കൗണ്ടറും കെട്ടിടത്തിനുളളിലെ പൂന്തോട്ടങ്ങളും ചിത്രപ്പണികളും കണ്ട് ആസ്വദിക്കുന്ന രോഗികളുടെ അസുഖം തനിയെ മാറുമെന്നാണ് അധികൃതർ പറയുന്നത്.

ജനറൽ ആശുപത്രിയാക്കണം

350 ഓളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾക്ക് പുറമെ അത്യാധുനിക രീതിയിലുള്ള സി.ടി.സ്കാനർ ഉൾപ്പെടെയുള്ള യന്ത്രങ്ങളും കെട്ടിട സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർ ഉൾപ്പടെ 18 ജീവനക്കാരെ നിയമിക്കാൻ ധനകാര്യവകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.എന്നാൽ താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങൾ പിന്നിടുകയാണ്.