
വിദ്യാർത്ഥികളിൽ കൊവിഡ് വ്യാപനം
കൊല്ലം: വിദ്യാർത്ഥികളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബസ് സ്റ്റോപ്പുകളിൽ നിരീക്ഷിക്കാൻ അദ്ധ്യാപകരെ നിയോഗിക്കുന്നു. ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഓരോ ദിവസവും ഓരോ അദ്ധ്യാപകനാകും നിരീക്ഷണ ചുമതല. ക്ലാസ് മുറികളിലും സ്കൂൾ അങ്കണത്തിലും കുട്ടികൾ അധികമായി കൂടിനിൽക്കുന്നില്ലെങ്കിലും ബസ് സ്റ്റോപ്പുകളിൽ ഒരുമിച്ച് ചേർന്നിരിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. സ്കൂളുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവർ എല്ലാ ദിവസങ്ങളിലും അഞ്ച് സ്കൂളുകൾ വീതം സന്ദർശിക്കുന്നുണ്ട്. കൊവിഡ് ബാധിക്കുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിവരങ്ങൾ ശേഖരിച്ച് എല്ലാ ദിവസവും ജില്ലാ ഭരണകൂടത്തിന് കൈമാറുന്നുമുണ്ട്.
കഴിഞ്ഞമാസം രണ്ട് മുതലാണ് പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചത്. ആദ്യം ഒരു ബഞ്ചിൽ ഒരു കുട്ടിയെ മാത്രമാണ് ഇരുത്തിയിരുന്നത്. ഇപ്പോൾ രണ്ട് പേരെ വീതമാക്കി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12, 1.30 - 4.30 എന്നിങ്ങനെ രണ്ട് ഷിഫ്ടുകളായാണ് ക്ലാസ്. ഇപ്പോൾ ഷിഫ്ട് ഒന്നിടവിട്ട ദിവസങ്ങളായി ക്രമീകരിച്ചിരിക്കുകയാണ്.
പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം
ഈമാസം 28ന് പത്ത്, പ്ലസ് ടു വിദ്യാർത്ഥികളുടെ ക്ലാസ് അവസാനിക്കും. അടുത്തമാസം 1 മുതൽ മോഡൽ പരീക്ഷ ആരംഭിക്കും.
''
കൊവിഡ് മാനദണ്ഡം ഉറപ്പാക്കാൻ എല്ലാ ദിവസവും സ്കൂളുകൾ സന്ദർശിക്കുന്നുണ്ട്. കൊവിഡ് ബാധിച്ചോ നിരീക്ഷണത്തിൽ പ്രവേശിച്ചോ ക്ലാസിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികളുടെ വിവരവും എല്ലാദിവസവും ശേഖരിക്കുന്നുണ്ട്.
സുബിൻ പോൾ, ഡി.ഡി.ഇ