jayalal

കൊല്ലം: വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പശ്ചാത്തല വികസനം എന്നിവയിലൂന്നിയ 'സമഗ്രം ചാത്തന്നൂർ' പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞുവെന്ന് ജി.എസ്. ജയലാൽ എം.എൽ.എ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച കേരളീയം-2021 പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മേഖലയിൽ 'സമഗ്രം വിദ്യാഭ്യാസം', ആരോഗ്യമേഖലയിൽ 'ആരോഗ്യരക്ഷ', ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 'പുനർജ്ജനി', സർക്കാർ സ്ഥാപനങ്ങൾ പൊതുസമൂഹ സൗഹൃദമാക്കാനായി 'ജനപക്ഷം', പൊലീസും പൊതുജനങ്ങളും ഒന്നിച്ചുള്ള ക്രമസമാധാനം ലക്ഷ്യമിട്ട് 'സുരക്ഷിതം', അങ്കണവാടികൾ ഹൈടെക്ക് നിലവാരത്തിലാകാനുള്ള 'പൊൻകിരണം' എന്നീ പദ്ധതികൾ ഉൾക്കൊള്ളിച്ചാണ് 'സമഗ്രം ചാത്തന്നൂർ' നടപ്പിലാക്കിയത്. 240 കോടി രൂപയുടെ പശ്ചാത്തല വികസനവും കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ചിറക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും മണ്ഡലത്തിൽ നടപ്പിലാക്കി. സംസ്ഥാനത്ത് ആദ്യമായി ജില്ലാ ഫോറൻസിക് ലാബ് ചാത്തന്നൂരിൽ സ്ഥാപിച്ചെന്നും സ്പിന്നിംഗ് മിൽ പുനരുദ്ധാരണത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും എം.എൽ.എ പറഞ്ഞു.