അഞ്ചൽ: വന്ന് വന്ന് മോഷ്ടാക്കൾക്ക് പൊലീസിനെപ്പോലും പേടിയില്ലാതായി. പതിവായി മോഷണം നടത്തുന്നത് മാത്രമല്ല എ.എസ്.ഐയുടെ വീട്ടിൽ നിന്ന് പോലും മോഷ്ടിച്ചു. എന്നിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.
അഞ്ചൽ മേഖലയിൽ വ്യാപകമായ മോഷണമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്നത്. നാല് ദിവസം മുമ്പ് ഇടമുളയ്ക്കൽ പനച്ചവിളയിൽ രണ്ട് വീടുകളിൽ മോഷണവും ഏതാനും വീടുകളിൽ മോഷണ ശ്രമവും നടന്നു. പനച്ചവിളയിൽ എ.എസ്.ഐയുടെ വീട്ടിൽ നിന്ന് മൂവായിരം രൂപയും തൊട്ടടുത്ത ഷെരീഫിന്റെ വീട്ടിൽ നിന്ന് മൂന്ന് പവൻ സ്വർണവും മോഷ്ടാക്കൾ കവർന്നു. ഷെരീഫിന്റെ വീട്ടിൽ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മൂന്ന് പവൻ മാലയാണ് അപഹരിച്ചത്. ജനാലവഴി കയ്യിട്ട് പൊട്ടിച്ചെടുക്കുകയായിരുന്നു. എ.എസ്.ഐയുടെ വീട്ടിലെ ജന്നാല തുറന്ന് കമ്പിട്ട് പൈസ അടങ്ങിയ ബാഗ് കുത്തിയെടുത്ത് പണം അപഹരിക്കുകയായിരുന്നു.
പൊലീസ് സ്റ്രേഷന് സമീപവും മോഷണം
അഞ്ചൽ പൊലീസ് സ്റ്റേഷന് സമീപം തന്നെ ചീപ്പുവയലിൽ സിറാജിന്റെ കട കുത്തിതുറന്ന് ആയിരം രൂപയും സിഗററ്റും ബേക്കറി സാധനങ്ങളും കവർന്നെടുത്തു. തൊടുത്തടുത്ത രാജേന്ദ്രന്റെ കടയിലും മോഷണശ്രമം നടന്നു. അഗസ്ത്യക്കോട് ചാവരുകാവ് ക്ഷേത്രത്തിലും കഴിഞ്ഞ വെള്ളിയാഴ്ച മോഷണം നടന്നു. ഇവിടെ അഞ്ച് വഞ്ചികൾ കുത്തിപൊളിച്ച് പതിനായിരത്തോളം രൂപ അപഹരിച്ചതായി പരാതിയിൽ പറയുന്നു. ശ്രീകോവിലും തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്രഭാരവാഹികൾ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഇഴയുകയാണ്.
പൊലീസ് ഓഫീസർമാർ ഇല്ല
അഞ്ചൽ മേഖലയിൽ മോഷണം പെരുകുന്നത് നാട്ടുകരെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. സന്ധ്യകഴിഞ്ഞാൽ വീടിന് പുറത്തിറങ്ങാൻപോലും ആളുകൾ ഭയപ്പെടുകയാണ്. നിലവിലുണ്ടായിരുന്ന പൊലീസ് സർക്കിൾ ഇൻസ്പെക്ടറും എസ്.ഐ.യും അടുത്തിടെ സ്ഥലംമാറി പോയെങ്കിലും ഇതുവരെയും പകരം ആരും ചാർജ്ജെടുത്തിട്ടില്ല. സ്റ്റേഷനിലെ തന്നെ ഒരു എ.എസ്.ഐക്കാണ് എസ്.ഐ.യുടെ ചുമതല. ഉയർന്ന പൊലീസ് ഓഫീസർമാർ ഇല്ലാത്തതും മോഷ്ടാക്കൾക്ക് അവസരമായിട്ടുണ്ട്.