bus
മോ​ഷ്ടി​ച്ച​ ​ബ​സ് ​പാ​രി​പ്പ​ള്ളി​യി​ൽ​ ​ ​ ​ക​ണ്ടെ​ത്തി​യ​പ്പോൾ

 പൊലീസ് കാമറയിൽ ഇരുട്ട് മാത്രം

കൊല്ലം: റൂറൽ പൊലീസിന്റെ ശക്തമായ കമാൻഡിംഗ് സെന്ററിന്റെ നൂറ്റൻപത് മീറ്റർ പരിധിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ ലഭിച്ചില്ല. പ്രതി ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വേണാട് ബസ് കടത്തിയതെന്ന് കെ.എൻ.എസ് ജംഗ്ഷനിലെ ഒരു ബേക്കറിയിലെ സി.സി ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ പൊലീസ് കാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ആദ്യ സ്മാർട്ട് കൺട്രോൾ റൂമെന്ന നിലയിലാണ് മാസങ്ങൾക്ക് മുൻപ് കൊട്ടാരക്കരയിൽ കമാൻഡിംഗ് സെന്റർ പ്രവർത്തനം തുടങ്ങിയത്. പട്ടണത്തിലെ 17 കാമറകൾ, ജില്ലാ അതിർത്തികളിലെ 5 കാമറകൾ, 18 പൊലീസ് സ്റ്റേഷനുകളിലെ ലോക്കപ്പ് കാമറകൾ എന്നിവയുടെ നിരീക്ഷണം ഇവിടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. എന്നാൽ ചുറ്റുവട്ടത്തുനിന്ന് ബസ് മോഷ്ടിച്ചതിന്റെ ദൃശ്യങ്ങൾ ലഭിക്കാത്തത് പൊലീസ് സംവിധാനത്തിന്റെ പാളിച്ച വ്യക്തമാക്കുന്നു. കൊട്ടാരക്കര സബ് ജയിലിന് സമീപത്തെ പഴയ സർക്കിൾ ഓഫീസിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം.

 ബസ് മോഷ്ടിച്ചതോ?

തിരക്കേറിയ പട്ടണ നടുവിലെ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.സി ബസ് മോഷ്ടിച്ചതാകാൻ വഴിയില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഡിപ്പോയിലെ ജീവനക്കാരാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്. രാത്രിയിൽ ബസിന്റെ ഹെഡ്ലൈറ്റ് കത്തുന്നത് റോഡിലൂടെ സഞ്ചരിച്ച ജീപ്പ് യാത്രക്കാരൻ ഡിപ്പോ ഓഫീസിൽ അറിയിച്ചിരുന്നു. എന്നാൽ, ബന്ധപ്പെട്ടവർ ഗൗരവത്തിലെടുത്തില്ല. പുലർച്ചെ ഒന്നരയോടെയാണ് ഡിപ്പോയിൽ നിന്ന് ബസ് പുറത്തേക്ക് പോയിട്ടുള്ളത്. പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

''

ട്രാൻ. ബസ് മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ ഉടൻ പിടിയിലാകും. സംശയിക്കുന്ന രണ്ടുപേരെ നിരീക്ഷിക്കുന്നുണ്ട്. പ്രത്യേക ടീമിനെ നിയോഗിച്ചാണ് അന്വേഷണം.

കെ.ബി.രവി

റൂറൽ എസ്.പി