navas
പള്ളിക്കലാർ

ശാസ്താംകോട്ട: ശൂരനാട്ടെ കാർഷിക മേഖലയുടെ നട്ടെല്ലായ പള്ളിക്കലാറിന്റെ സംരക്ഷണത്തിന് സമഗ്രമായ പദ്ധതി വേണമെന്ന ആവശ്യം ശക്തമാകുന്നു. സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ വ്യാപകമായി പള്ളിക്കലാറിന്റെ തീരത്ത് കരയിടിയുന്നത് തീരവാസികൾക്ക് വലിയ ഭീഷണിയാണ്.പാതിരിക്കൽ ഭാഗത്ത് കഴിഞ്ഞ മഴയിൽ 50 മീറ്ററോളം നീളത്തിൽ കരയിടിഞ്ഞ് ആറ്റിലേക്ക് പതിച്ചിരുന്നു. നീരൊഴുക്ക് ശക്തമായാൽ ആറിന്റെ വശങ്ങൾ ഇടിഞ്ഞ് പാടങ്ങളിൽ വെള്ളം കയറുന്നത് കൃഷിക്കൊപ്പം കൃഷിഭൂമി കൂടി നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.

സംരക്ഷണയജ്ഞം ഫലം കണ്ടില്ല

കഴിഞ്ഞ പ്രളയത്തിൽ പള്ളിക്കലാറിന്റെ തീരത്തെ ഏലാകളിൽ വെള്ളം കയറി കർഷകർക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്.കരുനാഗപ്പള്ളി, കുന്നത്തൂർ നിയോജക മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പള്ളിക്കലാറിന്റെ സംരക്ഷണത്തിന് അർഹമായ പരിഗണന നൽകുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്ക്.കഴിഞ്ഞ കാലങ്ങളിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തിൽ കൊണ്ടുവന്ന പള്ളിക്കലാർ സംരക്ഷണയജ്ഞവും ഫലം കണ്ടില്ല.ചില ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും പടവുകളും നിർമ്മിച്ചതൊഴിച്ചാൽ കാര്യമായ പ്രവർത്തനങ്ങൾ നടന്നില്ല. സംരക്ഷണഭിത്തി നിർമ്മാണത്തിലെ അശാസ്ത്രിയത കാരണം നൂറുമീറ്ററോളം ഭാഗം വെള്ളത്തിൽ പതിച്ചു. പിന്നീട് കരാറുകാരൻ എത്തി അറ്റകുറ്റപ്പണി നടത്തിയിരുന്നു.