
തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ബിസിനസ് മേഖലകൾ തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതോടെ അത് മുതലെടുക്കാൻ കള്ളപ്പണലോബി രംഗത്തെത്തി. സംസ്ഥാനത്ത് പിടിയിലായ സ്വർണ്ണക്കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള രാജ്യാന്തര ഹവാല ഇടപാടുകാരുടെ നേതൃത്വത്തിലാണ് കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടക്കുന്നത്. കൊവിഡിനെ തുടർന്ന് തകർന്ന് തരിപ്പണമായ വ്യാപാര വാണിജ്യമേഖലയിൽ മുതൽ മുടക്കാൻ നിവൃത്തിയില്ലാതായ ബിസിനസുകാരെ ലക്ഷ്യമിട്ട് തമിഴ്നാട്, കർണാടക , മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഹവാല ഇടപാടുകൾ നടത്തുന്നത്.
കോടികൾ
കൊള്ളപ്പലിശയ്ക്ക്
പ്രതിദിനം ലക്ഷങ്ങൾ വിറ്റുവരവുള്ള കേരളത്തിലെ ചില വസ്ത്രവ്യാപാര - ജുവലറി ഗ്രൂപ്പുകൾ, പ്രോപ്പർട്ടി ഡവലപ്മെന്റ് ഇടപാടുകാർ, വാഹനക്കച്ചവടക്കാർ, വൻകിട ആശുപത്രി, ബാറുടമകൾ, മറ്റ് ബിസിനസ് ഡീലർമാർ തുടങ്ങിയവർക്ക് കൊള്ളപ്പലിശയ്ക്ക് കോടികൾ നൽകിയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുൾപ്പെടെ കോടികളുടെ കള്ളപ്പണം കേരളത്തിലേക്ക് ഒഴുകാനുള്ള സാദ്ധ്യത കൂടി ചൂണ്ടിക്കാട്ടി സംസ്ഥാന ഇന്റലിജൻസ് സർക്കാരിനും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് നൽകി.
മലപ്പുറം, കോഴിക്കോട് മേഖലകൾ കേന്ദ്രീകരിച്ചാണ് കള്ളപ്പണത്തിന്റെ കടത്ത്.
പിന്നിൽ മലപ്പുറത്തെ
കുപ്രസിദ്ധനായ ജുവലറി ഉടമ
സ്വർണ്ണക്കടത്ത് - ഹവാല പണം ഇടപാടുകളിൽ കുപ്രസിദ്ധനായ മലപ്പുറത്തെ ഒരു ജുവലറി ഉടമയാണ് കള്ളക്കടത്തിന്റെ തലവൻ. വേങ്ങര,പെരിന്തൽമണ്ണ, കൊടുവള്ളി എന്നിവിടങ്ങളിലുള്ള ഒരു ഡസനോളം പേരുടെ പേരും ഫോൺ നമ്പരുൾപ്പെടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും സഹിതമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കള്ളക്കടത്ത് സംഘങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്ന ചെന്നൈ പൊലീസിലെ ഒരു ഡിവൈ.എസ്.പിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ഇയാൾ പൊലീസ് നീക്കങ്ങൾ ചോർത്തികൊടുക്കുകയും കള്ളക്കടത്തിനാവശ്യമായ സംരക്ഷണം ഒരുക്കുകയും ചെയ്യുന്നതായാണ് അടുപ്പം ചൂണ്ടിക്കാട്ടുന്ന ഫോൺരേഖകൾ സഹിതമുള്ള റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
പ്രത്യേക അറകളുമായി
വാഹനങ്ങൾ കേരളത്തിലേക്ക്
പ്രത്യേകം അറകൾ നിർമ്മിച്ച ആഡംബര വാഹനങ്ങളിലാണ് കള്ളക്കടത്ത് നടക്കുന്നത്. സ്വർണത്തിന് വിലകൂടിയതോടെ പണത്തിന് പുറമേ അയൽ സംസ്ഥാനങ്ങളിൽ നിന്ന് നികുതിവെട്ടിച്ച് സ്വർണവും ഇത്തരംവാഹനങ്ങളിൽ വൻതോതിൽ കേരളത്തിലേക്ക് എത്തിക്കുന്നുണ്ട്. ഫോർ രജിസ്ട്രേഷൻ എന്നെഴുതിയ ആഡംബര വാഹനങ്ങളിലും അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി, പഴ വർഗങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ എത്തിക്കുന്ന ചരക്ക് വാഹനങ്ങളിലും രഹസ്യഅറകളിലൊളിപ്പിച്ചാണ് പണവും സ്വർണവും ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക. ഓരോ വഹനത്തിലും കുറഞ്ഞത് ഒരു കോടിയിലധികം രൂപയുടെ കടത്ത് നടത്തുന്നതായാണ് വിവരം. വൻതുകകൾ കടത്തുന്നവർ പണം ഒരുമിച്ച് അയക്കില്ല. ഉദാഹരണം പത്ത് കോടി രൂപ കേരളത്തിലെത്തിക്കണമെങ്കിൽ ഒന്നോ രണ്ടോ കോടികൾ വീതം പല വാഹനങ്ങളിലാക്കിയാണ് കടത്തുക. പിടിക്കപ്പെട്ടാലും ഇത്രയധികം പണം ഒരുമിച്ച് നഷ്ടമാകാതിരിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ.
മലപ്പുറത്ത്
എത്തുന്നത് 150 കോടി
മലപ്പുറം ജില്ലയിൽ മാത്രം ഒരു ദിവസം 100-150 കോടിക്ക് ഇയിലുള്ള പണം ചെന്നൈ,ബംഗളുരു, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസം ഒരു ഡസനിലേറെ സിസ്റ്റം ഘടിപ്പിച്ച (കള്ളക്കടത്തിന് ഉളള രഹസ്യ അറകളോട് കൂടിയ )വാഹനങ്ങൾ മംഗലപുരം - പൊള്ളാച്ചി റൂട്ടിൽ നിന്ന് വാളയാർ, മുത്തങ്ങ, നാടുകാണി, വേലന്താവളം ചെക്ക് പോസ്റ്റുകൾ കടന്ന് മലബാർ മേഖലയിൽ എത്തുന്നുണ്ട്. സംസ്ഥാനത്ത് എത്തുന്ന പണത്തിന് ആവശ്യക്കാരെ കണ്ടെത്താനും സുരക്ഷിതമായി പണം അവരുടെ കൈകളിലെത്തിക്കാനും കമ്മിഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഏജന്റുമാരുണ്ട്.
വിതരണം തീവ്രവാദ
സംഘടനകളിൽ സജീവമായവർ
ചില തീവ്രവാദ സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്ന ഇവരുടെ നേതൃത്വത്തിലാണ് വിതരണം. ഒരു സി .ആറിന് (കോടി) പത്ത് ലക്ഷംവരെയാണ് ഇവരുടെ കമ്മിഷൻ. ഇരുപതും മുപ്പതും ശതമാനം പലിശയ്ക്കാണ് പണം നൽകുന്നത്. ഇടപാടുകൾ കിറുകൃത്യമാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഇവരുടെ റാക്കറ്റിൽപ്പെട്ട മറ്റ് സംഘങ്ങളും ചോദിക്കുന്ന പണം രേഖകളൊന്നും കൂടാതെ വായ്പയായി നൽകും. വീഴ്ചവരുത്തുന്നവരെ ഗുണ്ടാസംഘങ്ങളെയും പൊലീസിനെയും ഉപയോഗിച്ചാണ് കള്ളക്കടത്ത് സംഘങ്ങൾ നേരിടുക. ജീവനിൽ ഭയമുള്ളവരാരും ഇവരിൽ നിന്ന് പണം വാങ്ങിയാൽ വീഴ്ച വരുത്താൻ ശ്രമിക്കാറില്ല.
കോഴപ്പണമാണെന്ന്
ധരിപ്പിക്കും
അയൽ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥപ്രമുഖരുടെയും കോഴപ്പണമെന്ന പേരിലാണ് ഇടനിലക്കാർ പണത്തിന്റെ ഉറവിടത്തെപ്പറ്റി ആവശ്യക്കാരെ ധരിപ്പിക്കുന്നത്. കൂട്ടത്തിൽ കള്ളനോട്ടുകൾ കലർത്തി കൈമാറ്റം ചെയ്യുന്ന സംഘങ്ങളുമുണ്ട്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ വലയുന്നവരും ബിസിനസ് മെച്ചപ്പെടുത്തി പ്രതിസന്ധികളെ അതിജീവിക്കാമെന്ന് കരുതുന്നവരുമാണ് കള്ളപ്പണ മാഫിയയുടെ ഇരകളാകുന്നത്. നോട്ട് നിരോധനത്തിന് മുമ്പ് ഹവാല ഇടപാടുകാരുടെ കെണിയിൽ വീണ് നിരവധി വ്യാപാരികൾ നിൽക്കക്കള്ളിയില്ലാതെ കടകൾ പൂട്ടുകയും ആത്മഹത്യയിൽ അഭയം തേടുകയും ചെയ്ത സംഭവങ്ങൾ സംസ്ഥാനത്തുണ്ടായിട്ടുണ്ട്.
ഉറവിടത്തെക്കുറിച്ച് അന്വേഷണമില്ല
കുഴൽപ്പണക്കാർ പൊലീസിന് അജ്ഞാതർ
പരിധിയിൽ കവിഞ്ഞ പണം പിടികൂടിയാൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കുകയും അതിന് നികുതി നൽകാൻ തയ്യാറാകുകയും ചെയ്താൽ ആ പണം നിയമ വിധേയമാകുമെന്നിരിക്കെ കണക്കിൽ കവിഞ്ഞ പണം പിടികൂടുന്നതിന് പൊലീസ് വലിയ പ്രാധാന്യം കൽപ്പിക്കാറില്ല. കണക്കിൽപ്പെടാത്ത പണമാണ് പിടിച്ചതെങ്കിൽപോലും രാഷ്ട്രീയ-ഭരണ സ്വാധീനമോ കൈക്കൂലി നൽകാനോ തയ്യാറായാൽ കേസും കൂട്ടുവുമില്ലാതെ തലയൂരാം. പണത്തിന്റെ ഉറവിടത്തെപ്പറ്റി സത്യസന്ധമായ അന്വേഷണത്തിന് പൊലീസിന് സാധിക്കാത്തതിനാൽ ഇത്തരം കേസുകൾ ആദായനികുതി വിഭാഗത്തിന് കൈമാറി തലയൂരുകയാണ് പലപ്പോഴും പൊലീസ് ചെയ്യുന്നത്. എന്നാൽ കോടികളുടെ കള്ളപ്പണവുമായി വാഹനങ്ങൾ സഹിതം പിടികൂടിയ ഒട്ടനവധി കേസുകൾ ഇപ്പോഴും കള്ളക്കടത്തുകാരെ കണ്ടെത്താനാകാതെ കേരളപൊലീസിന്റെ കേസ് ഡയറികളിൽ പൊടിയും മാറാലയും മൂടി കിടപ്പുണ്ട്. സമീപകാലത്ത് പിടികൂടിയതും തൃപ്തികരമായ അന്വേഷണം നടക്കാത്തതുമായ അമ്പത് കോടിയോളം രൂപ പിടികൂടിയ പത്തോളം കേസുകളുടെ വിവരങ്ങളും കേസ് അന്വേഷണത്തിലെ അപാകതകൾക്ക് ഉദാഹരണങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്തകാലത്തുണ്ടായ ചില കേസുകൾ ഇവയാണ്.
പിടിച്ചെടുത്ത കള്ളപ്പണം
(പൊലീസ് സ്റ്റേഷൻ , തുക, വർഷം എന്ന ക്രമത്തിൽ)
മേലാറ്റൂർ : 3.34 കോടി, 2018 ഏപ്രിൽ
പെരിന്തൽമണ്ണ :1.69 കോടി, 2017 നവംബർ
പെരിന്തൽമണ്ണ : 1കോടി ,2019, ജനുവരി
മലപ്പുറം : 1.50 കോടി, 2017, ഫെബ്രുവരി
പട്ടാമ്പി, കൊപ്പം : 99 ലക്ഷം-2019, ജനുവരി
ചിറ്റൂർ : 20.97 കോടി, 2016 മാർച്ച്
പാലക്കാട് നോർത്ത് : 2 കോടി, 2020 സെപ്തംബർ
ആലത്തൂർ :2.17 കോടി, 2016 ജൂലായ്
കോയമ്പത്തൂർ മധുക്കരൈ : 3.6 കോടി, 2018 ആഗസ്റ്റ്