
കളക്ടറുടെ അനുമതി നീളും
കൊല്ലം: ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കുന്നതിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കളക്ടർ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. വകുപ്പിൽ നിന്ന് മറുപടി ലഭിച്ചാലും വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ കളക്ടർ പിരിവിന് അനുമതി നൽകുകയുള്ളു.
ടോൾ പിരിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ടോൾ പിരിക്കുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായതിനാൽ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ കരാർ ഉറപ്പിക്കുകയായിരുന്നു. അതുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ടോൾ പിരിവിന് അനുമതി നിഷേധിച്ചേക്കില്ല.
പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭിച്ച ശേഷം ജില്ലയിലെ ജനപ്രതിനിധികൾ, പൊലീസ് എന്നിവരുമായി കളക്ടർ വിഷയം ചർച്ച ചെയ്യും. അതിലുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലേ അനുമതിക്ക് സാദ്ധ്യതയുള്ളു. ടോൾ പിരിവ് ആരംഭിക്കുന്നതോടെ ശക്തമായ സമരങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് കളക്ടറുടെ മുൻകരുതൽ.
ഒരുക്കങ്ങൾ പൂർത്തിയാക്കി
സ്വകാര്യ ഏജൻസിയുമായി കരാറുറപ്പിച്ച ദേശീയപാത അതോറിറ്റി കഴിഞ്ഞമാസം ആദ്യവാരം ടോൾ പിരിവിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനെതിരെ വിവിധ സംഘടനകൾ ഇപ്പോഴും സമരത്തിലാണ്. ഉത്തരേന്ത്യൻ കമ്പനിയാണ് ടോൾ പിരിവിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. പിരിക്കുന്ന തുകയിൽ ചെറിയൊരു ശതമാനം ഇവരെടുത്ത ശേഷം ബാക്കി തുക ദേശീയപാത അതോറിറ്റിക്ക് കൈമാറും. ടോൾ പിരിവിലൂടെ ദേശീയപാത അതോറിറ്റി പ്രതിവർഷം 11.52 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
'' ടോൾ പിരിവിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇക്കാര്യത്തിൽ അനുമതിക്കായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജനപ്രതിനിധികളുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂ.
ബി. അബ്ദുൽ നാസർ, കളക്ടർ