kollam

കൊല്ലം: കൊല്ലം തോട്ടിൽ ഗതാഗതം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ട്രയൽ റൺ നാളെ നടക്കും. കേരള വാട്ടർവെയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ സോളാർ ബോട്ട് എത്തിയില്ലെങ്കിൽ പ്രത്യേക ബോട്ട് വാടകയ്ക്കെടുത്താകും ട്രയൽ.

ഈമാസം 15നാണ് ആദ്യഘട്ട നവീകരണം പൂർത്തിയാകുന്ന കൊല്ലം തോടിന്റെ ഉദ്ഘാടനം. ദേശീയജലപാതയുടെ ആദ്യഘട്ട നവീകരണത്തിന്റെ ഉദ്ഘാടനം തലസ്ഥാനത്ത് മുഖ്യമന്ത്രി നിർവഹിക്കുന്നതിനൊപ്പമാകും കൊല്ലത്തും ഗതാഗതം ആരംഭിക്കുക. കൊല്ലം തോടിന് കുറുകെയുള്ള പഴയ കല്ലുപാലത്തിന് പകരമുള്ള പുതിയ പാലത്തിന്റെ നിർമ്മാണം ഇഴയുന്നത് ഇതുവഴിയുള്ള സ്ഥിര ഗതാഗതത്തിന് തടസമാണ്. ആശ്രാമം അഡ്വഞ്ചർ പാർക്ക്, കൊല്ലം ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ നിന്നും കാപ്പിൽ വരെ ടൂറിസ്റ്റ് ബോട്ട് സർവീസ് ഡി.ടി.പി.സി ആലോചിക്കുന്നുണ്ട്. എന്നാൽ പുതിയ പാലം നിർമ്മാണത്തിനായി നടക്കുന്ന പൈലിംഗ് ഇതിന് തടസമാണ്.