c

കരുനാഗപ്പള്ളി: വെയർഹൗസിംഗ് കോർപ്പറേഷനിലെ കയറ്റിറക്ക് തൊഴിലാളികളുടെ സമരത്തെ തുടർന്ന് കരുനാഗപ്പള്ളി താലൂക്കിൽ റേഷൻ വിതരണം മുടങ്ങി. കൂലിത്തർക്കത്തെ തുടർന്ന് ഒന്നാം തീയതി മുതലാണ് തൊഴിലാളികൾ പണിമുടക്ക് തുടങ്ങിയത്. വെയർഹൗസിംഗ് കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളിയിലെ സ്റ്റോറേജിൽ 38 യൂണിയൻ തൊഴിലാളികളാണ് റേഷൻ സാധനങ്ങൾ വാഹനങ്ങളിൽ കയറ്റുന്നത്. ഒരു ക്വിന്റൽ റേഷൻ സാധനം ലോറിയിൽ കയറ്റാൻ കഴിഞ്ഞ 4 വർഷമായി ഒരു തൊഴിലാളിക്ക് 15 രൂപയാണ് കൂലി. കയറ്റിറക്കുകൂലി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകൾ നിരവധി തവണ സർക്കാരിന് നിവേദനം നൽകിയിരുന്നെന്ന് യൂണിയൻ നേതാക്കൾ പറയുന്നു. സർക്കാർ പുതുക്കി നിശ്ചയിച്ച കൂലി നാമമാത്രമാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് യൂണിയൻ നേതാക്കളുടെ പക്ഷം. ക്വിന്റലിന് 21 രൂപയെങ്കിലും കൂലി ലഭിച്ചാൽ പണിമുടക്ക് പിൻവലിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നാണ് യൂണിയനുകളുടെ നിലപാട്. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ചർച്ചയും പരാജയപ്പെട്ടു.

വലയുന്നത് സാധാരണക്കാർ

വെയർഹൗസിംഗ് തൊഴിലാളികളുടെ പണിമുടക്ക് മൂലം വലയുന്നത് റേഷൻ സാധനങ്ങളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരാണ്. കരുനാഗപ്പള്ളി താലൂക്കിൽ 254 റേഷൻ കടകളുണ്ട്. ഇതിൽ 62 റേഷൻ കടകൾക്കുള്ള സാധനങ്ങൾ ജനുവരി 31ന് മുമ്പ് എത്തിച്ചിരുന്നു. 192 കടകളിൽ സമരം മൂലം സാധനങ്ങൾ എത്തിക്കാൻ കഴിയാത്തതാണ് റേഷൻ ഉപഭോക്താക്കളെ വെട്ടിലാക്കിയത്. കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർ അന്നത്തിന് വക കണ്ടെത്താൻ കഴിയാതെ വലയുമ്പോഴാണ് ഇടിത്തീയായി തൊഴിലാളികളുടെ സമരം ആരംഭിച്ചത്.

ബദൽ സംവിധാനം ഏർപ്പെടുത്തണം

എല്ലാ മാസവും താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് അടുത്ത മാസത്തേക്ക് ആവശ്യമായ സാധനങ്ങളുടെ കൂപ്പൺ സപ്ലൈകോയുടെ ഡിപ്പോ അസിസ്റ്റന്റ് മാനേജർക്ക് നൽകാറാണ് പതിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ മാസവും ആദ്യവാരത്തിൽതന്നെ റേഷൻ കടകളിൽ സാധനങ്ങളെത്തിക്കാനുള്ള തുടർനടപടി സ്വീകരിക്കുന്നത്. ഇക്കുറി എല്ലാം നടപടികളും പൂർത്തിയായെങ്കിലും തൊഴിലാളികളുടെ പണിമുടക്ക് റേഷൻ വിതരണത്തെ താളം തെറ്റിക്കുകയായിരുന്നു. പണിമുടക്ക് പിൻവലിക്കാതെ റേഷൻ സാധനങ്ങളുടെ വിതരണം നടക്കില്ല. ബദൽ സംവിധാനം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സർക്കാർ പുതുക്കി നിശ്ചയിച്ച കൂലി നാമമാത്രമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ക്വിന്റലിന് 21 രൂപയെങ്കിലും കൂലി ലഭിച്ചാൽ പണിമുടക്ക് പിൻവലിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാം

യൂണിയൻ നേതാക്കൾ