 
 കൊവിഡ് പ്രതിസന്ധി നീളുന്നു
കൊല്ലം: ലോക്ക് ഡൗണിന് ശേഷം ഹൗസ് ബോട്ടുകൾ പ്രവർത്തനം ആരംഭിച്ചെങ്കിലും സഞ്ചാരികളുടെ കുറവ് ഹൗസ് ബോട്ടുകളെ പ്രതിസന്ധിയിലാക്കുന്നു. മാസങ്ങളോളം സർവീസ് നടത്താനാകാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെങ്കിലും ഡിസംബറിൽ പ്രവർത്തനാനുമതി ലഭിച്ചപ്പോൾ വലിയപ്രതീക്ഷയിലായിരുന്നു ഉടമകൾ. ലോക്ക് ഡൗണിന് മുൻപ് പ്രതിദിനം പതിനായിരം രൂപ ലഭിച്ചിരുന്നിടത്ത് ചിലപ്പോൾ എന്തെങ്കിലും കിട്ടിയാലായെന്ന അവസ്ഥയിലായി.
പകൽ, രാത്രി പാക്കേജുകളായിട്ടാണ് മിക്കവയും സർവീസ് നടത്തിയിരുന്നതെങ്കിലും മണിക്കൂർ തലത്തിലും യാത്രകൾ കിട്ടിയിരുന്നു. ഇപ്പോൾ പാക്കേജ് യാത്രകൾ കുറവാണ്. ഞായറാഴ്ചകളിൽ മാത്രമാണ് ആരെങ്കിലും വിളിക്കുന്നത്. സൗഹൃദകൂട്ടായ്‍മകളുടേതാണ് ഇപ്പോഴുള്ള യാത്രകളിലധികവും. ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് യാത്ര അവാസാനിക്കുകയും ചെയ്യും.
 തൊഴിലാളികൾ പട്ടിണിയിൽ
ഓരോ ഹൗസ് ബോട്ടിലും മൂന്ന് മുതൽ അഞ്ച് തൊഴിലാളികളാണ് ഉള്ളത്. ആയിരം മുതൽ ആയിരത്തിഅഞ്ഞൂറ് രൂപ വരെ നേരത്തെ കൂലിയായി ലഭിച്ചിരുന്നു. യാത്രകളില്ലാത്തതിനാൽ മറ്റ് ജോലികൾക്ക് പോകേണ്ട അവസ്ഥയാണിപ്പോൾ. ചിലർ മത്സ്യബന്ധന ബോട്ടുകളിൽ ജോലിക്ക് പോയെങ്കിലും അവിടെയും സ്ഥിരംതൊഴിലാളികളുള്ളതിനാൽ വല്ലപ്പോഴും മാത്രമാണ് തൊഴിലെടുക്കാൻ കഴിയുന്നത്.
 അനുബന്ധ മേഖലയും തകർച്ചയിൽ
ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നവർ, പാൽ, മത്സ്യം, മുട്ട വിൽക്കുന്നവർ, ട്രിപ്പുകൾ പ്ലാൻ ചെയ്യുന്ന ടൂറിസം ഓപ്പറേറ്റർമാർ എന്നിങ്ങനെ അനുബന്ധമേഖലകളിൽ ജോലിനോക്കുന്നവരും പ്രതിസന്ധിയിലാണ്.
 ജില്ലയിൽ ഹൗസ് ബോട്ടുകൾ: 50 ലേറെ
 പ്രതിദിന വരുമാനം: 10,000 രൂപ (നേരത്തെ)
''
കൊവിഡ് വീണ്ടും ഉയർന്നതാണ് സീസണായിട്ടും യാത്രകൾ ലഭിക്കാത്തതിന് കാരണം. പഴയരീതിയിലേക്ക് മടങ്ങിയെത്താൻ എത്രകാലം കാത്തിരിക്കണമെന്ന ആശങ്ക വലുതാണ്.
ഹൗസ് ബോട്ട് ഉടമകൾ