rajesh

 സ്വത്ത് തട്ടാൻ കഴുത്ത് ഞെരിച്ച് കൊടുംക്രൂരത

കൊല്ലം: സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മകനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതിൽ വീട്ടിൽ ദേവകിയാണ് (75) കൊല്ലപ്പെട്ടത്. മകൻ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: ഫെബ്രുവരി 1ന് പുലർച്ചെയാണ് സംഭവം. വീടും പുരയിടവും തന്റെ പേരിൽ എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് രാജേഷ് കഴിഞ്ഞ ദിവസം ദേവകിയുമായി വഴിക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവകിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കഴുത്തിൽ ബലം പ്രയോഗിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് മകനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ മരണം സ്വാഭാവികമാണെന്ന് ഇരുവരും വാദിച്ചെങ്കിലും പൊലീസ് ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി കെ. സജീവിന്റെ നേതൃത്വത്തിൽ തെക്കുംഭാഗം ഇൻസ്‌പെക്ടർ ആർ. രാജേഷ്‌ കുമാർ, എസ്.ഐമാരായ എം. സുജാതൻപിള്ള, പി.വി. വിജയകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.