c

ഭൂമി അളന്നു തിരിച്ച് അതിർത്തി നിർണയിക്കുന്ന പ്രവർത്തനം ആരംഭിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി സമാന്തര പാതയുടെ നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡ് നിർമ്മാണത്തിന് മുന്നോടിയായി ഭൂമി ഏറ്റെടുക്കാനായി വസ്തുക്കൾ അളന്നു തിരിച്ച് അതിർത്തി നിർണയിക്കുന്ന പ്രവർത്തനമാണ് ആരംഭിച്ചത്. മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് കുലശേഖരനല്ലൂർ ഏലാ ഇടറോഡ‌് നിർമ്മിച്ചാൽ ടൗണിലെ തിരക്കിൽപ്പെടാതെ വാഹനങ്ങൾക്ക് പുലമൺ ജംഗ്ഷനിലെത്താം എന്ന് വ്യക്തമാക്കി കേരള കൗമുദി വാർത്ത നൽകിയിരുന്നു. റോഡിന് സ്വകാര്യ വ്യക്തികളാണ് ഭൂമി വിട്ടുനൽകിയത്. മാർക്കറ്റ് ജംഗ്ഷനിൽ പ്രിൻസ് ജുവലറിക്ക് സൈഡിലൂടെയുള്ള ഏലാറോഡ് പുലമൺ എം.സി റോഡിൽ എത്തിച്ചേരും. ഗതാഗതക്കുരുക്കിൽ അകപ്പെടാതെ പുലമൺ ജംഗ്ഷനിൽ എത്തിച്ചേരാനുള്ള ഷോട്ട് കട്ടാകും നി‌ർമ്മിക്കുക. അതിർത്തി നിർണയ ചടങ്ങിൽ ചെയർമാൻ എ. ഷാജു, വാർഡ് കൗൺസിലർ വനജ രാജീവ്, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.

നാട്ടുകാരുടെ സഹായത്തോടെ മുനിസിപ്പാലിറ്റി നിർമ്മിക്കുന്ന പുതിയ റോഡ് യാഥാർത്ഥ്യമാകുമ്പോൾ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും

എ. ഷാജു, നഗരസഭാ ചെയർമാൻ